ഇടുക്കി ജില്ലയില്‍ സിപിഎമ്മുമായുള്ള ബന്ധം വഷളായെന്ന് സിപിഐ ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ട്.

ഇടുക്കി: ഇടുക്കി ജില്ലയില്‍ സിപിഎമ്മുമായുള്ള ബന്ധം വഷളായെന്ന് സിപിഐ ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ട്. മന്ത്രി എം.എം മണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മന്ത്രിയും ഒരു വിഭാഗം നേതാക്കളും നാടുനീളെ യോഗം വിളിച്ച് സിപിഐയെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയും പുലഭ്യം പറയുന്നു. കൊട്ടക്കാമ്പൂരിലെ കയ്യേറ്റക്കാരെ രക്ഷിക്കാനാണ് മന്ത്രി മണിയുടെ ശ്രമമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സിപിഐഎമ്മില്‍ നിന്ന് സിപിഐയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാനും സിപിഐഎമ്മിലെ പ്രശ്‌നങ്ങള്‍ ഒതുക്കിതീര്‍ക്കാനുമാണ് മന്ത്രി സിപിഐക്കെതിരെ പ്രസ്താവന നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. താനാണ് സര്‍ക്കാരെന്നാണ് പിണറായി വിജയന്റെ ഭാവമെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. പാപ്പാത്തിച്ചോലയിലെ കയ്യേറ്റമൊഴിപ്പിക്കലിനെതിരെ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസം എം എം മണിക്കും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനമാണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ഉന്നയിച്ചത്. സിപിഐക്കെതിരെ മന്ത്രി പരസ്യമായി പുലയാട്ട് നടത്തുകയാണെന്നും കണ്ണുരുട്ടി കാട്ടിയാല്‍ പേടിക്കാന്‍ കൂലിക്ക് ആളെ നിര്‍ത്തണമെന്നും ശിവരാമന്‍ തുറന്നടിച്ചു. സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.