കര്‍ദ്ദിനാളിനും നാല് വൈദികര്‍ക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ട സംഭവം ഏറെ ഹൃദയവേദനയുള്ളതെന്ന് ഫാ.പോള്‍ തേലക്കാട്ട്

കൊച്ചി: അതിരുപത ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനും നാല് വൈദികര്‍ക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ട സംഭവം ഏറെ ഹൃദയവേദനയുള്ളതെന്ന് സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ട്.

ഉത്തരവ് അപാരമായ നാണക്കേട് ഉണ്ടാക്കുന്നുണ്ട്, വളരെക്കാലമായി നടക്കുന്ന വിവാദത്തെ കുറിച്ചുള്ള വിധിയാണിത്. പറ്റിയ വീഴ്ചയേക്കുറിച്ച് മെത്രാന്മരേയും മാര്‍പാപ്പയേയും അറിയിച്ചിരുന്നതാണ്. അവര്‍ക്ക് പരിഹരിക്കാന്‍ കഴിഞ്ഞില്ല. തെറ്റ് പറ്റിയാല്‍ അത് ഏറ്റുപറഞ്ഞ് തിരുത്താന്‍ കഴിയാതെ പോയി. അതിനു നല്‍കിയ വിലയാണ്. അത് അങ്ങേയറ്റം വേദനാജനകമാണെന്നും അദ്ദേഹം അറിയിച്ചു.

വിമര്‍ശനങ്ങളെ എല്ലാം നല്ല വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ സഭ തയ്യാറാകണം. സഭയിലെ ഒരാള്‍ക്ക് വീഴ്ചയുണ്ടായാല്‍ അത് പരിഹരിക്കാനുള്ള മാര്‍ഗം സഭയിലുണ്ട്. ഉത്തരവാദികളായ ഭരണാധികാരികള്‍ക്ക് പ്രശ്‌നംപരിഹരിക്കാന്‍ കഴിയാതെ പോയതില്‍ വന്ന ദുഃഖകരമായ സ്ഥിതിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെറ്റു പറ്റുക സ്വഭാവികമാണ്. അതിനെ നേരിടുന്നത് കുറ്റത്തെ മൂടിവച്ചുകൊണ്ടല്ല. സത്യത്തിന് വിധേയമായി ജീവിക്കാന്‍ കഴിയണം. ഒരു തെറ്റുപറ്റിയാല്‍ ഏറ്റുപറയാനുള്ള മനസ്സ് സഭയ്ക്കുണ്ട്. അതിനു കഴിയാതെ വരുമ്‌ബോള്‍ സംഭവിക്കുന്ന ദുരന്തങ്ങളാണ് ഇതിനെല്ലാം കാരണമെന്നും ഫാ.പോള്‍ തേലക്കാട്ട് പറഞ്ഞു.