അവാര്‍ഡ് വൈകി കിട്ടിയെന്ന് തോന്നുന്നുണ്ടോ?; ഇന്ദ്രന്‍സിന്റെ കിടിലം മറുപടി

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിന്റെ ആദ്യ പ്രതികരണത്തിന് കയ്യടികളോടെ കേരളം.‘ഞാന്‍ പുതിയൊരാളാണ്. ഇനിയും ഒരുപാട് സമയമുണ്ടല്ലോ.. അവാര്‍ഡ് കിട്ടിയ സിനിമ, അത് കാണുന്നവരെ വല്ലാതെ സ്പര്‍ശിക്കും. തുള്ളല്‍ കലാകാരന്റെ വേഷമാണ് ചിത്രത്തില്‍ ചെയ്തത്. നല്ല കഥാപാത്രം. അതിനേക്കാള്‍ മുന്തിയ സിനിമകള്‍ വരുമ്‌ബോള്‍ അതിനൊപ്പം നില്‍ക്കാനുള്ള പ്രാപ്തിയുണ്ടാക്കിയെടുക്കണം.’

‘അഭിനേതാക്കളുടെ കൂട്ട് സിനിമാ ജീവിതത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. ജഗതിയും തിലകന്‍ ചേട്ടനുമൊക്കെ ഒരുപാട് സഹായിച്ചിരുന്നു.

‘സംസ്ഥാന പുരസ്‌കാരം നേടിയതിലൂടെ കൂടുതല്‍ ഉത്തരവാദിത്തവും ഉത്സാഹവും തോന്നുന്നുണ്ട്. അവാര്‍ഡ് കിട്ടിയവര്‍ ഒന്നും പിന്നീട് മുകളിലോട്ട് പോയിട്ടില്ല. അതിന്റെ കാരണം എന്താണ് എന്നറിയില്ല. കോമഡി വേഷം ചെയ്യുമ്പോള്‍ നല്ല ഊര്‍ജ്ജം കിട്ടും. അതുകൊണ്ട് കോമഡിയാണ് ഇഷ്ടം.’

ആളൊരുക്കത്തിലെ കഥാപാത്രമാകാന്‍ ഒരുപാട് കഷ്ടപ്പെട്ടെന്നും പ്രതീക്ഷിക്കാത്ത അവാര്‍ഡായതിനാല്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം തേടിയെത്തിയത്.