ഫ്‌ളോറിഡയില്‍ തോക്ക് സുരക്ഷാ നിയമത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സ്കൂള്‍ വെടിവെപ്പില്‍ 17 പേര്‍ മരിച്ച സംഭവത്തിന് ഒരു മാസത്തിന് ശേഷം ഗവര്‍ണര്‍ റിക്ക് സ്‌ക്കോട്ട് തോക്ക് സുരക്ഷ നിയമത്തില്‍ ഒപ്പ് വെച്ചു.മാര്‍ച്ച് 9 വെള്ളിയാഴ്ച രാവിലെ ഒപ്പ് വെച്ച ബില്ലില്‍ തോക്ക് വാങ്ങുന്നവര്‍ക്ക് നിലവിലുള്ള വയസ്സ് 18ല്‍ നിന്നും ഇരുപത്തി ഒന്നാക്കുകയും മൂന്ന് ദിവസത്തെ കാലാവധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.

പാര്‍ക്ക്‌ലാന്റ് സ്കൂളിലെ വെടിവെപ്പിന് ഉപയോഗിച്ച AR15 പോലെയുള്ള മാരക പ്രഹര ശേഷിയുള്ള തോക്കുകളുടെ വില്‍പനയില്‍ നിരോധനം ഇല്ലെന്നതും ബില്ലിന്റെ പ്രത്യേകതയാണ്.സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ആവശ്യമായ തോക്ക് പരിശീലനം നല്‍കുന്നതിനും, ആയുധം കൈവശം വക്കുന്നതിനും, വിദ്യാര്‍ത്ഥികളുടെ മാനസിക നില പരിശോധിച്ച് ആവശ്യമായ ചികിത്സകള്‍ നല്‍കുന്നതിനുമുള്ള വകുപ്പുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അദ്ധ്യാപകര്‍ക്ക് തോക്ക് പരിശീലനം നല്‍കുന്നതിനും, തോക്കുകള്‍ കൈവശം വക്കുന്നതിനുള്ള അധികാരം അതത് വിദ്യാഭ്യാസ ജില്ലാ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്നു.വെടിവെപ്പ് നടന്ന വിദ്യാലയത്തിലെ രക്ഷാകര്‍ത്താക്കളുടെ സാനിധ്യത്തിലാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പ് വെച്ചത്.എന്നാല്‍ സംസ്ഥാനത്തെ വലിയ വിദ്യാഭ്യാസ ജില്ലകളില്‍ പലതും അദ്ധ്യാപകര്‍ക്ക് തോക്ക് നല്‍കുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.തോക്ക് വാങ്ങുവാന്‍ വരുന്നവരുടെ പൂര്‍വ്വ ജീവചരിത്രം പരിശോധിക്കുന്നതിന് 3 ദിവസത്തെ സമയം വേണമെന്നാണ് പ്രധാനമായും ബില്ലില്‍ എടുത്ത് പറയുന്നത്.