നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തി വെയ്ക്കണമെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.  ഈ മാസം 14 നു കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പുതിയ ഹര്‍ജിയെന്നത് ശ്രദ്ധേയമാണ്.

നടിയെ ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചായിരുന്നു ഹർജി. ഇതിനു പിന്നാലെയാണ് വിചാരണ ഇപ്പോൾ തുടങ്ങരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കേസിലെ മുഖ്യപ്രതി നടൻ ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ ദൃശ്യങ്ങൾ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ നൽകാനാവില്ലെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ച കോടതി ദിലീപിന്റെ ഹർജി അന്ന് തള്ളുകയും ചെയ്തു.

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദം സംശയകരമാണെന്നുമാണു ദിലീപിന്റെ വാദം. വിചാരണയ്ക്കു മുൻപ് എല്ലാ തെളിവുകളും ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നും കാണിച്ചായിരുന്നു ദൃശ്യങ്ങൾ ആവശ്യപ്പെട്ടു ഹർജി നൽകിയത്. കേസിലെ മറ്റു രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധനാ ഫലങ്ങളും ഫോൺ വിവരങ്ങളും പ്രതികൾക്കു നൽകിയിരുന്നു.

കേസിലെ മുഖ്യപ്രതി ദിലീപ് ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും 14നു കോടതിയിൽ ഹാജരാകണമെന്നാണു നിലവിൽ സമൻസ് അയച്ചിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ നിന്നാണു കേസ് വിചാരണയ്ക്കായി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയത്.

2017 ഫെബ്രുവരി 17 നു രാത്രിയാണു തൃശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ഉപദ്രവിക്കപ്പെട്ടത്. കേസിൽ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചതോടെയാണു വിചാരണയ്ക്ക് അവസരം ഒരുങ്ങിയത്.

പ്രതികൾക്കെതിരെ കൂട്ടമാനഭംഗം, ഗൂഢാലോചന എന്നിവ ഉൾപ്പെട്ട ഗുരുതരമായ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാരിയർ ഉൾപ്പെടെ 355 സാക്ഷികളുണ്ട്. 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തിനൊപ്പം 33 പേരുടെ രഹസ്യമൊഴിയും സമർപ്പിച്ചിട്ടുണ്ട്.