ഡല്‍ഹി എഐസിസി പ്ലീനറി സമ്മേളനം: ജോര്‍ജ് എബ്രഹാം ,ജോയ് ഇട്ടന്‍ , മൊഹിന്ദര്‍ സിങ് പങ്കെടുക്കും

ന്യൂയോര്‍ക്ക്: ഈ മാസം 17, 18 തീയതികളില്‍ ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി 84ാമത് പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാം, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മൊഹിന്ദര്‍ സിങ്, ഗില്‍ സിയന്‍ ,ഐഎന്‍ഓസി ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ചാപ്റ്റര്‍ സിഡന്റ് ജോയ് ഇട്ടന്‍ എന്നിവര്‍ പങ്കെടുക്കും. അമേരിക്കയില്‍ നിന്ന് ഇവര്‍ മാത്രമാണു ക്ഷണിതാക്കള്‍.

കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രവാസികള്‍ക്ക് അവസരം ലഭിക്കുന്നത് നടാടെയാണ് .പതിമൂവായിരത്തോളം അംഗങ്ങളാണ് ഇത്തവണ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടക്കുന്നതു എന്ന പ്രത്യേകാതെയും ഉണ്ട് .

16 നു സബ്ജക്ട് കമ്മിറ്റി എന്ന നിലയില്‍ പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. പ്രത്യേക ക്ഷണിതാക്കളടക്കമുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ അംഗീകരിക്കേണ്ടത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും, മുന്‍ ധനമന്ത്രി പി.ചിദംബരവും ചേര്‍ന്ന് തയ്യാറാക്കിയ സാമ്പത്തിക നയപ്രമേയം, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ.ആന്റണി തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയം, അന്തര്‍ദേശീയ രംഗത്തെ സംബന്ധിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന പ്രമേയം, കാര്‍ഷിക – തൊഴില്‍ മേഖലയെ സംബന്ധിച്ചുള്ള പ്രമേയം തുടങ്ങി നാലു പ്രമേയങ്ങളാണ് പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. 17 നു 9 ന് ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുന്നതോടെ പ്ലീനറി സമ്മേളന നടപടികള്‍ ആരംഭിക്കും. 18 നു നാലു മണിക്ക് ചര്‍ച്ചകള്‍ ഉപസംഹരിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും