പതിനെട്ട് വയസ്സിനു മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തോക്ക് അനുവദിക്കണം: നീരജ് അന്താണി

ഒഹായൊ: പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തോക്ക് സ്ക്കൂളില്‍ കൊണ്ടുവരുന്നതിനുള്ള അനുവാദം നല്‍കണമെന്നു ഒഹായോയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയും, ഇന്ത്യന്‍ വംശജനുമായ നീരജ് അന്താണി ആവശ്യപ്പെട്ടു.

ഒഹായോ സംസ്ഥാന പ്രതിനിധി സഭയിലേക്ക് 23ാം വയസ്സില്‍ തിരഞ്ഞെടുക്കപ്പെട്ട നീരജ് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സാമാജികരില്‍ ഒരാളാണ്. ഇന്ന് മാര്‍ച്ച് 15 വ്യാഴാഴ്ച ഡെട്ടണ്‍ ഡെയ്‌ലി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നീരജ് ഈ ആവശ്യം ഉന്നയിച്ചത്.ഫയര്‍ ആം നിയന്ത്രണം ഗുണം ചെയ്യുകയില്ലെന്നും, സുരക്ഷിതത്വം ഉറപ്പാക്കുകയില്ലെന്നും, നിയമം എത്ര കര്‍ശനമാണെങ്കിലും കുറ്റവാളികള്‍ക്ക് തോക്കു ലഭിക്കുന്നതിന് ഒരു പ്രയാസവുമില്ലെന്നും നീരജ് ചൂണ്ടികാട്ടി.

ഒഹായൊയില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് നിയമപ്രകാരം തോക്ക് വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.കൂടുതല്‍ പേര്‍ തോക്കു വാങ്ങുന്നതും, കൂടുതല്‍ സുരക്ഷിത്വം ഉറപ്പാക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.ഞാന്‍ ആരേയും തോക്ക് കൊണ്ടു നടക്കുന്നതിന് പ്രേരിപ്പിക്കുകയല്ല, ഭരണഘടനാ വാഗ്ദാനം ചെയ്യുന്ന സുരക്ഷിത്വം സംരക്ഷിക്കപ്പെടുകയും, ഗണ്‍ ഫ്രീ സോണുകളില്‍ മറ്റുള്ളവര്‍ നമ്മുടെ അവകാശങ്ങള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും വേണമെന്ന് ആഗ്രഹിക്കുന്നുള്ളൂ എന്നും അന്താണി കൂട്ടിചേര്‍ത്തു.

1987 ല്‍ മാതാപിതാക്കളോടൊപ്പമാണ് നീരജ് അമേരിക്കയില്‍ എത്തിയത്. ഒഹായൊ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദധാരിയാണ് നീരജ അന്താണി.