വിദ്യാര്‍ഥിനിക്കു നേരെ ഹൈദരാബാദ് സര്‍വകലാശാല വളപ്പില്‍ പീഡന ശ്രമം

ഹൈദരാബാദ്: വിദ്യാര്‍ഥിനിക്കു നേരെ ഹൈദരാബാദ് സര്‍വകലാശാല വളപ്പില്‍ പീഡന ശ്രമം. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തി ആകാത്തവരാണു നാലു പേരും. സര്‍വകലാശാല വളപ്പില്‍ മോഷണത്തിനെത്തിയവരാണു മാനഭംഗത്തിനു ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. പത്തൊന്‍പതുകാരിക്കു നേരെയാണ് മാനഭംഗ ശ്രമമുണ്ടായത്.

പെണ്‍കുട്ടിയുടെയും സഹപാഠിയുടെയും സമയോചിത ഇടപെടലിനെത്തുടര്‍ന്നാണു രക്ഷപ്പെട്ടത്. പിജി വിദ്യാര്‍ഥികളായ ഇരുവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. 1500 ഏക്കറാണ് സര്‍വകലാശാല വളപ്പ്. പ്രശ്‌നമുണ്ടായ സാഹചര്യത്തില്‍ ക്യാംപസില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് കത്തയയ്ക്കുമെന്നു പൊലീസ് അറിയിച്ചു. ക്യാംപസില്‍ വാച്ച് ടവര്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സര്‍വകലാശാലയിലെ തടാകതീരത്ത് പെണ്‍കുട്ടിയും സഹപാഠിയും ഇരിക്കുമ്പോള്‍ നാല്‍വര്‍ സംഘം മതിലു ചാടി അകത്തേക്കു വരികയായിരുന്നു. സര്‍വകലാശാലയില്‍ നിന്നു ചെമ്പുകമ്പികള്‍ മോഷ്ടിക്കാനാണ് ഇവര്‍ മതില്‍ ചാടിക്കടന്നതെന്ന് ഡിസിപി വിശ്വ പ്രസാദ് പറഞ്ഞു. 16, 17 വയസ്സു പ്രായമുള്ളവരാണു നാലു പേരും. പെണ്‍കുട്ടിയെയും സുഹൃത്തിനെയും കണ്ട ഇവര്‍ അവരോടു പണവും മൊബൈല്‍ ഫോണുകളും ആവശ്യപ്പെടുകയായിരുന്നു. ഇത് എതിര്‍ത്തപ്പോള്‍ തട്ടിപ്പറിച്ചു വാങ്ങി. പിന്നീടാണു പെണ്‍കുട്ടിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഇത് എതിര്‍ക്കാന്‍ സഹപാഠി ശ്രമിച്ചതോടെ വടിയും കല്ലുകളുമെടുത്ത് നാല്‍വര്‍ സംഘം ആക്രമണം തുടങ്ങി. ബെല്‍റ്റ് കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിക്കാനും ശ്രമമുണ്ടായി. ആക്രമണത്തില്‍ നിലത്തുവീണ പെണ്‍കുട്ടിക്കും പരുക്കുകളുണ്ട്. ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു കിലോമീറ്ററോളം ദൂരത്തില്‍ നാല്‍വര്‍ സംഘം പിന്തുടര്‍ന്നു. ക്യാംപസിലെ തന്നെ ആള്‍പ്പെരുമാറ്റമുള്ള ഒരു കെട്ടിടത്തിനടുത്തെത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് പഴ്‌സും മൊബൈല്‍ ഫോണും തിരിച്ചേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ സഹപാഠിയുടെ പഴ്‌സും മൊബൈലും കൊണ്ടുപോയി. സംഭവത്തെപ്പറ്റി ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയും ചെയ്തു.

അതിനിടെ ഓടിയെത്തിയ മറ്റു വിദ്യാര്‍ഥികള്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചു, പൊലീസില്‍ പരാതിയും നല്‍കി. മാനഭംഗശ്രമം, കൊലപാതക ശ്രമം, മോഷണശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. നാലു പേരില്‍ രണ്ടു പേര്‍ക്കെതിരെ ബൈക്കുകളും ഓട്ടോറിക്ഷകളും മോഷ്ടിച്ചതിന് ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്.