ഓപ്പറേഷൻ കൂടാതെയുള്ള മൂലക്കുരു ചികിത്സ

Dr. പ്രീത ഗോപാൽ BAMS, MS (Ay)

ഇന്ന് നമ്മൾ വഴിയരികിലെ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും ഏറ്റവും കൂടുതൽ കാണുന്ന പരസ്യങ്ങളിൽ ഒന്നാണ് ” ഓപ്പറേഷൻ കൂടാതെയുള്ള മൂലക്കുരു ചികിത്സ”… താഴെ ഏതെങ്കിലും ഒരു ബംഗാളി ഡോക്ടറുടെ (ആണോ എന്നറിയില്ല, പൊതുവെ അങ്ങനെ പറയുന്നു ) പേരും കാണും..

ഇത് കാണുമ്പോൾ ഇന്നാട്ടിൽ ഇത്രക്കും മൂലക്കുരുക്കാരുണ്ടോ എന്ന സംശയം വേണ്ട.. ഉണ്ടെന്നു തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്… ഭക്ഷണത്തിലും ജീവിതരീതിയിലും വന്ന മാറ്റങ്ങൾ ആവാം ഇതിനു കാരണം. നമ്മുടെ ദേശീയ ഭക്ഷണമായ, നാരുകൾ കുറഞ്ഞ പൊറോട്ട, ബീഫ് etc യുടെ കൂടിയ ഉപയോഗം, ക്രമമല്ലാത്ത മലശോധന, വ്യായാമരാഹിത്യം, ഒപ്പം പുതിയ ശീലങ്ങൾ ആയ, മൊബൈൽ, ന്യൂസ്‌ പേപ്പർ എന്നിവയും പിടിച്ച് ദീർഘനേരം ടോയ്‌ലെറ്റിൽ ഇരിക്കുന്നത്.. ഇവയൊക്കെയാവാം പൈൽസ് രോഗികളുടെ എണ്ണം കൂടാനുള്ള പുതിയ കാരണങ്ങൾ.

മലദ്വാരത്തിൽ നിന്നും രക്തം പോകുന്നതെല്ലാം പൈൽസ് മൂലമാണെന്ന് ഒരു ധാരണ ഇന്നും ആൾക്കാർക്കുണ്ട്.. മലദ്വാരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ മുതൽ കാൻസർ വരെയുള്ള ഒരുപാട് അസുഖങ്ങളുടെ സൂചന മാത്രമാവാം ഇത്.. സ്വയം ചികിത്സ നടത്തിയും ഒറ്റമൂലിക്കാരുടെ അടുത്ത് തലവെച്ചും അപകടത്തിൽ ചാടുന്നവരുടെ എണ്ണം കൂടുന്നു.. ഇന്നും ആൾക്കാർക്ക് ഇത്തരം അസുഖങ്ങൾ തുറന്നു പറയാൻ മടിയാണ്.. നാട്ടിൽ ഇത്രയും ആശുപത്രികൾ ഉണ്ടായിട്ടും, അവിടെങ്ങും പോകാതെ, ഇതുപോലുള്ള ക്ലിനിക്കുകളിൽ പോയി ‘പണി’ മേടിച്ചു വരുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൂടി വരുകയാണ്..

എന്നിട്ടോ.. ചീത്തപ്പേരും പരിഹാസവും ഞങ്ങൾ പാവം ആയുർവേദക്കാർക്കും.. ഇതൊക്കെ അനുഭവിക്കാൻ ഞങ്ങൾ വൈദ്യൻമാരുടെ ജീവിതം ഇനിയും ബാക്കി…

പൈൽസ്, fistula in ano , fissure in ano തുടങ്ങിയ രോഗങ്ങൾക്ക്, ക്ഷാരകർമം, ക്ഷാരസൂത്ര ചികിത്സ മുതലായ വിദഗ്ദ്ധ ചികിത്സ ആയുർവേദ ആശുപത്രികളിൽ ലഭ്യമാണ്.. ആയുർവേദത്തിന്റെ പേരിൽ, പരസ്യങ്ങളിലെ ‘മൂലക്കുരു ക്ലിനികിൽ’ നടക്കുന്നത് ശുദ്ധതട്ടിപ്പാണ്.. കുടുസ്സുമുറികളിലെ, വൃത്തിഹീനമായ സാഹചര്യത്തിൽ എന്തൊക്കെയോ ചെയ്ത്, അണുബാധയായി ഒരുപാട് പേർ പിന്നീട് ചികിത്സക്ക് വരുന്നുണ്ട്.. മലദ്വാരത്തിനോട് ചേർന്ന്, ഒരു കൈ മുഴുവൻ അകത്തേക്ക് കടത്താവുന്ന അത്രയും വലിപ്പത്തിൽ ഒരു വ്രണവുമായി, അതിഭീകരമായ അവസ്ഥയിൽ, ഒരാൾ കഴിഞ്ഞ ദിവസം വന്നിരുന്നു.. ‘മൂലക്കുരു ക്ലിനിക്കിലെ’ ക്ഷാരസൂത്ര ചികിത്സയുടെ ഗുണഭോക്താവ്‌.. യഥാർത്ഥ ക്ഷാരസൂത്ര ചികിത്സ എന്താണെന്ന് അയാളെ ബോധ്യപ്പെടുത്താൻ തന്നെ, നന്നേ ബുദ്ധിമുട്ടി..

അതുകൊണ്ട് നിങ്ങൾക്ക് മൂലക്കുരു ഉണ്ടെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക.. എല്ലാ ജില്ലാ താലൂക് ആയുർവേദ ആശുപത്രികളിലും ഇപ്പോൾ പരിശോധനക്കുള്ള സൗകര്യങ്ങൾ ഉണ്ട്.. എറണാകുളം ജില്ലയിൽ പറവൂർ ആയുർവേദ ആശുപത്രിയിലും, തൃശൂർ ജില്ലയിൽ ചേലക്കര ആയുർവേദ ആശുപത്രിയിലും പ്രത്യേകം ano – rectal clinic കൾ തന്നെയുണ്ട്..കൂടാതെ കൊല്ലം, ആലപ്പുഴ, തൊടുപുഴ, മണ്ണാർക്കാട് തുടങ്ങിയ ആയുർവേദ ആശുപത്രികളിലും പ്രത്യേകം ക്ഷാരസൂത്ര ക്ലിനിക്കുകൾ ഉണ്ട്. വീണ്ടും ഓർമിപ്പിക്കുന്നു, ചതിക്കുഴികളിൽ വീഴാതിരിക്കുക…

പിന്നെ, ഇതുപോലെ തല (തല എന്ന് ഒരോളത്തിനു പറഞ്ഞതാ… മറ്റേ ഭാഗം )വച്ചു കൊടുക്കണ്ടെങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..

1. ആവശ്യത്തിന് വെള്ളം കുടിക്കുക..
2. നാരുകൾ കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും പയറുവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക… ഇതുവഴി മലബന്ധം ഒഴിവാക്കാം.
3.ശെരിയായ വ്യായാമം ശീലിക്കുക ..
4. പേപ്പർ വായിച്ചും മൊബൈൽ നോക്കിയും മണിക്കൂറുകളോളം ടോയ്‌ലെറ്റിൽ ഉള്ള ഇരിപ്പ് ഒഴിവാക്കുക..
5.അതുപോലെ don’t wait to go (തോന്നൽ വന്നാൽ ഉടനെ കാര്യം സാധിക്കുക )
6.അമിതവണ്ണം കുറക്കുക..
തുടങ്ങിയവ…

(ഞാനെന്തിനാ ഇപ്പൊ ഒരുപദേശിയുടെ റോളിൽ ഇറങ്ങിയതെന്ന് ചോദിച്ചാൽ, ഇക്കഴിഞ്ഞ ദിവസം ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥയിൽ ഒരു ഹതഭാഗ്യനെ കണ്ടതുകൊണ്ട് തന്നെ ..)

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ