മുന്നണി പ്രവേശനം സര്‍പ്രൈസ് ആയിരിക്കുമെന്ന് കെഎം മാണി

പാല: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു മുമ്പ് കേരളാ കോണ്‍ഗ്രസ് മുന്നണി പ്രവേശനം പ്രഖ്യാപിക്കും. മുന്നണി പ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് ഇന്നു നടന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.

എല്ലാവര്‍ക്കും ഒരു ‘സര്‍പ്രൈസ്’ ആയി പ്രവേശനം ഉണ്ടാകും. ഉചിതമായ സമയത്തു തീരുമാനമുണ്ടാകും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുമുന്‍പായി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു നയം പ്രഖ്യാപിക്കുമെന്നും ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാണി അറിയിച്ചു.

യു ഡി എഫിലേക്ക് മടങ്ങണമെന്ന് ഒരു വിഭാഗവും എല്‍ ഡി എഫിന് ഒപ്പം ചേരണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ടു. മുന്നണി പ്രവേശനം നീണ്ടുപോകുന്നതിനെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനാണ് സ്റ്റിയറിങ് കമ്മറ്റി യോഗം ചേര്‍ന്നത്.

മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഉടന്‍ പ്രഖ്യാപിക്കണമെന്നും പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു