പൂമരം പറഞ്ഞത്

രജിത് ലീല രവീന്ദ്രൻ

മൂന്നു വർഷം മഹാരാജാസ് കോളേജിൽ അധ്യാപകനായ, ഒരുപാട് കാര്യങ്ങളിൽ കോളേജിനോടൊപ്പം നടന്ന,കുറച്ചു കാര്യങ്ങളിൽ മാറിനിന്ന, അതിലും കുറച്ചു കാര്യങ്ങളിൽ മാറ്റി നിർത്തപ്പെട്ട ഒരാളെന്ന നിലക്ക് പൂമരം എന്ന സിനിമ എങ്ങനെ കാണാതിരിക്കും,എങ്ങനെ അതിനെ കുറിച്ച് എഴുതാതിരിക്കും.

ഒരു സിനിമ സൃഷ്ടിക്കുമ്പോൾ അതിന്റെ കാഴ്ചക്കാരായിരിക്കുമെന്ന ഒരേകദേശ ധാരണ അണിയറ പ്രവർത്തകർക്കുണ്ടാകുമെന്നാണ് കരുതുന്നത് .എന്നാൽ പൂമരത്തിന്റെ സൃഷ്ടി കർത്താക്കൾക്ക് ഇതിലൊരാശയകുഴപ്പമുണ്ടായോ എന്നൊരു സംശയം നിലവിലുണ്ട്.ഏറെ കാലം മുമ്പ് പുറത്തിറക്കിയ ‘ഞാനും,ഞാനുമെന്റാളും’ എന്ന പാട്ടിനു കയ്യടിച്ച പ്രേക്ഷകർ തീയേറ്ററുകളിൽ എത്തുന്നില്ല എന്നതൊരു നേർക്കാഴ്ചയാണ്. ദേവദൂതൻ ,ഗപ്പി എന്നീ സിനിമകൾ പോലെ മെച്ചപ്പെട്ട സിനിമയായ പൂമരവും ഇപ്പോൾ ഏതായാലും ബോക്സ് ഓഫീസിൽ മുടന്തി നിൽക്കുകയാണ്.

രണ്ടര മണിക്കൂർ മുഴുവൻ സമയഎന്റെർറ്റൈയിൻന്മെന്റും, ട്വിസ്റ്റുകളും,നാടകവും പ്രതീക്ഷിച്ചു പോകുന്നവർക്ക് കടുത്ത നിരാശയായിരിക്കും പൂമരം . പ്രണയം പോലും സാമ്പ്രദായിക രീതിയിൽ ഇതിലില്ല .എന്നാൽ സിനിമ നിറയെ യുവത്വത്തിന്റെ പ്രസരിപ്പും, ചലനാത്മകതയുമുണ്ട് .മാത്രമല്ല കല ജീവിതത്തിനു വേണ്ടിയല്ല, ജീവിതം കലക്ക് വേണ്ടിയാണെന്നുള്ള സിദ്ധാന്തത്തിന്റെ ഉത്‌ഘോഷണം നേരിട്ടല്ലാതെ സിനിമയിൽ പലയിടത്തും കാണാം. അഞ്ചു ദിവസം കലോത്സവ വേദികളിലൂടെ നടക്കുന്ന ഒരു ഫീലിങ്ങാണ് പൂമരം നൽകുന്നത്.മനസ്സ് ശാന്തമാക്കി ലയിച്ചിരുന്നാൽ ഒരു നേർത്ത തെന്നലായി നമ്മളെ തൊടുമീ പൂമരം.

ഗൗതമൻ എന്ന ചെയർമാൻ നയിക്കുന്നഇത്തവണയെങ്കിലും കിരീടം പിടിച്ചെടുക്കണംഎന്ന വാശിയുമായി മഹാരാജാസ് ഒരുവശത്തും , കിരീടം നിലനിർത്താനായി പോരാടുന്ന ,ഐറിൻ നയിക്കുന്ന സെന്റ് ട്രീസ മറു വശത്തും നടത്തുന്ന ‘യുദ്ധമാണ് ‘ സിനിമ.ഇതിനിടയിൽ അപ്രസക്തമായി സംഗീത കോളേജും ,മറ്റു കോളേജുകളും വന്നുപോകുന്നുമുണ്ട് .

സിനിമയോട് ശക്തമായി വിയോജിക്കുന്ന ചില മേഖലകളുണ്ട്. അതിവൈകാരികത കുത്തിനിറച്ചു,പ്രാദേശിക സ്ഥാപന വാദം ഊതി വീർപ്പിച്ചും തങ്ങളുടെ കോളേജിലെ കല മാത്രമാണ് ഉത്ക്കൃഷ്ടമെന്നും, ഒരു ശത്രുവിനെ സൃഷ്ടിച്ചുകൊണ്ട് അതിനോട് സ്ഥിരമായി യുദ്ധം നടത്തിയാൽ നൊസ്റാൾജിയയെ ത്രിപ്തിപെടുത്താമെന്നുമുള്ള പഴയ വൈദ്യന്റെ കുറിപ്പടി എത്ര കാലം മുന്നോട്ടു പോകുമെന്നത് കണ്ടറിയണം.മാത്രമോ ,ഇത്രബഹളങ്ങളും ,പരിശീലനങ്ങളുമില്ലാതെ ഒപ്പത്തിനോടൊപ്പമെത്തുന്ന സർക്കാർ സംഗീത കോളേജിനെയും ,ഈ വർഷം എല്ലാവരേം തോൽപ്പിച്ചു കിരീടം നേടിയ ‘നവ ലിബറൽ ‘കോളേജായ തേവര സേക്രഡ് ഹാർട്ടും കളി നിയമങ്ങൾ വല്ലാതെ മാറ്റുന്നുമുണ്ട് . രചനാ മത്സരങ്ങളിൽ മഹാരാജാസ് പുറകോട്ടു പോകുന്നു എന്നതും നമ്മോടു പറയുന്നത് മറ്റൊന്നാണ്.

സിനിമയിൽ ശത്രുവായ അയൽരാജ്യത്തെ കോട്ട പിടിച്ചെടുക്കാനുള്ളതാണ് കലോത്സവം എന്ന പൈങ്കിളി ഭാവുകത്വവും, പണ്ഡിറ്റ് കറുപ്പൻ അദ്ധ്യാപകനായി മഹാരാജാസിൽ തുടർന്നതിലെ കൊച്ചി രാജാവിന്റെ സന്മനസ്സിനെ പ്രകീർത്തിച്ചുള്ള ഇടതുപക്ഷ ചെയർമാന്റെ പ്രസംഗത്തിലെ പ്രതിലോമതയും അരോചകമാകുന്നുണ്ട്.
സ്ത്രീകളെ പോലെ സംസാരിക്കുന്ന ,പെരുമാറുന്ന പുരുഷന്മാരാണ് നൃത്താദ്ധ്യാപകരെന്ന സ്ഥിരം വാർപ്പ് മാതൃകയ്ക്ക് വിടുതൽ നൽകാതെയും ,സിനിമാ താരമൊക്കെയായതിനാൽ സെന്റ് ട്രീസയിലെ കുട്ടിക്ക് നൃത്തത്തിൽ കിട്ടിയ സമ്മാനത്തിൽ അസാധാരണത്വവും, ആശങ്കയും പ്രകടിപ്പിക്കാത്ത ചെയർമാൻ ഗൗതമന്റെ പാത്ര സൃഷ്ടിയും സിനിമയെ ചിലയിടങ്ങളിലെങ്കിലും ഒരൽപം പിന്നോട്ട് നടത്തുന്നുണ്ട് . പോസ്റ്ററുകളിലും ,ചുവരെഴുത്തുകളിലും മാത്രം പേരെഴുതി സംഘടന മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ നിലപാടുകളോന്നും സ്പർശിക്കാതെ നടത്തുന്ന വിദഗ്ധമായ ട്രപ്പീസ് കളിയാണ് സിനിമയുടേത്.

ഒരു രാഷ്ട്രീയക്കാരന്റെയോ,ജനകീയനായ വിദ്യാർത്ഥി നേതാവിന്റെയോ ഭാവവാഹാദികൾ ഗൗതമനിലില്ല .കാളിദാസ ൻ മിക്ക രംഗങ്ങളിലും തണുത്തുറഞ്ഞ,വികാര രഹിതമായ മഞ്ഞു കട്ടയെ ഓർമപ്പെടുത്തുന്നു. നടപ്പിലും ,സംസാരത്തിലുമെല്ലാം എന്തിനേറെ ആ മുണ്ടിന്റെ തലപ്പ് പിടിക്കുന്നതിൽ വരെ ഒരുപൂർണതകുറവനുഭവപ്പെടുന്നുണ്ട് .എന്നാൽ സെന്റ് ട്രീസയിലെ ചെയർപേഴ്സൺ ഐറിൻ ആയഭിനയിച്ച കുട്ടിആധികാരികമായും ,ആർജ്ജവത്തോടെയും ആ വേഷം കൈകാര്യം ചെയ്തതു കാണുമ്പോൾ കാളിദാസൻ നൽകിയ നിരാശ കൂടുന്നു.അതി നാടകീയതയുടെ ആഡംബരമാണ് സിനിമയിലെ ഗൗതമന്റെ അച്ഛൻ. വാചാടോപങ്ങളില്ലാതെ , മുഖം വക്രിപ്പിക്കാതെ അഭിനയിക്കാമെന്ന് മഹേഷിന്റെ പ്രതികാരത്തിൽ മഹേഷിന്റെ അച്ഛൻ കാണിച്ചു തന്നിട്ടുണ്ടല്ലോ. കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസറായിരുന്ന ഒരു വർഷം വോളന്റീയർ സെക്രട്ടറിമാരായ രോഹിത് റോൻസൺ (യൂണിവേഴ്സിറ്റി യൂണിയൻ ചെയര്മാൻ ),ശ്രീഷ്മ (മീനു ),എന്നിവരും മറ്റു കുട്ടികളും നന്നായി,സ്വാഭാവികമായി അഭിനയിച്ചു .ഒരു സംശയവും വേണ്ട അവരുടെ അകൃത്രിമമായ അഭിനയത്തിൽ മഹാരാജാസിലെ സാമൂഹിക പരിസരം ഒരു വലിയ അളവ് വരെ കാരണമായിട്ടുണ്ട്. സ്വന്തം വിദ്യാർത്ഥി ആയതു കൊണ്ട് കൂടിയാകാം താടിക്കാരൻ വിഷ്ണു ഷാജിയേയും കൂടുതലായി എനിക്കിഷ്ടമായി . ഇങ്ങനെയൊക്കെ ആണെങ്കിലും സർവകലാശാല എന്ന പഴയ ക്യാമ്പസ് ചിത്രത്തിൽ വിദ്യാർത്ഥികളായ കഥാപാത്രങ്ങൾക്ക് നൽകപ്പെട്ട പോർട്രയലുകൾ പൂമരത്തിൽ ഇല്ലാത്തതു പലരുടെയും വരും കാല സിനിമാ മോഹങ്ങൾ മുന്നോട്ടു കൊണ്ട് പോകാൻ ഒരല്പം ബുദ്ധിമുട്ടുണ്ടാക്കും.

പാട്ടുകളുണ്ട് ധാരാളം,പക്ഷെ ഒന്നു പോലും മടുപ്പിക്കുന്നില്ല. എന്നാലും പാട്ടിന്റെ പൊസിഷനിങ്ങൊന്നും സിനിമയിൽ വലിയ പ്രാധാന്യമില്ല .അവസാനത്തെ പാട്ടൊഴിച്ചു വേറെ ഏതു പാട്ടും സിനിമയിലെവിടെയും ചേർക്കാൻ പറ്റുന്നത്ര സ്വാതന്ത്ര്യം സിനിമയിലുണ്ട്. ‘ഞാനും ഞാനുമെന്റാളും’ എന്ന പാട്ട് ഒട്ടും പ്രതീക്ഷിക്കാത്തയിടത്താണ് സിനിമയിൽ വരുന്നത്. ഫോർമുലകൾ ഒന്നും ഇല്ലെന്നത് പോകട്ടെ നിയതമായ ഒരു കഥാ കഥന രീതി പോലുമല്ല സംവിധായകൻ പിന്തുടരുന്നത് . ഒരു പക്ഷെ ഇത്തരം സിനിമകൾ കൂടുതൽ വരാനും ,മാറി ചിന്തിക്കാനും എബ്രിഡ് ഷൈൻ ഒരു മാതൃകയുമായേക്കാം. സംവിധായകന്റെ കയ്യൊപ്പ് ദൃശ്യമാകുന്ന പല രംഗങ്ങളും പൂമരത്തിലുണ്ട് എന്ന് പറയാതിരിക്കുന്നത് നീതികേടാണ്.

കോളേജിൽ നിന്നും,കലോത്സവത്തിൽ നിന്നും പൂർണമായി മാറി നിൽക്കുന്ന സീനുകൾ അച്ഛൻ ,മകൻ സീനുകളും ,പോലീസ് സ്റ്റേഷൻ സീനുമാണ്. പ്രത്ത്യേകിച്ചു മികവ് രേഖപ്പെടുത്താത്ത കാഴ്ചകളുടെ ആവർത്തനമാണ് ഈ രംഗങ്ങളുടേത്.

കലോത്സവ വിജയങ്ങൾ പഴയ രാജഭരണത്തെ ഓർമിപ്പിക്കുന്ന വിധം ,ചെയർമാന്റെ അക്കൗണ്ട് ബുക്കിൽ പൂർണമായി എഴുതേണ്ടതിലാകാം ആർട്സ് ക്ലബ് സെക്രട്ടറിയെ സിനിമയിൽ കാണാത്തത്, ക്യാമ്പസ്സിലെ അധികാര കേന്ദ്രങ്ങളിലൊന്നായ യൂണിറ്റ് സെക്രട്ടറിയെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയത് രാഷ്ട്രീയ പ്രസരം സിനിമയിൽ കുറക്കാനുമായിരിക്കും.

സിനിമ അവസാനിക്കുമ്പോൾ മഹാരാജാസുകാരെയും ,സെന്റ് ട്രീസക്കാരെയും, എല്ലാവരെയും അവരവരുടെ അനുഭവങ്ങളെയും,വിജ്ഞാനത്തെയും, വായനയെയുമെല്ലാം റദ്ദു ചെയ്ത് ഒരേകതയിൽ എത്തിക്കുന്ന,കലിംഗ രാജ്യത്തെ അശോക ചക്രവർത്തിയാക്കിയേക്കാവുന്ന സിനിമയുടെ രാഷ്ട്രീയം മനസിലാക്കാൻ ഒരൽപം ബുദ്ധിമുട്ടുന്നുണ്ട് ഞാൻ. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്ന നേതാവിന്റെ ബുദ്ധദർശനത്തിനും ,രാഷ്ട്രീയത്തിനും അഞ്ചു വർഷം കഴിയുമ്പോൾ മാറ്റമെന്തെങ്കിലുമുണ്ടാകുമോ എന്നോർക്കുന്നതും കൗതുകകരമാണ്.