ഇനി ഒരു വിദേശിക്കും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഈ അവസ്ഥ ഉണ്ടാവരുത്

നഷ്ടപ്പെടലിന്റെ വേദന വളരെ വലുതാണ്. അതും അന്യ രാജ്യത്തുവെച്ചാകുമ്പോൾ.ഇനി ഒരു വിദേശിക്കും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഈ അവസ്ഥ ഉണ്ടാവരുത്.ഭാര്യയുടെ ചികില്‍സാര്‍ത്ഥം കേരളത്തിലെത്തിയ ഐറിഷ് സ്വദേശി യഥാര്‍ത്ഥ കേരളമെന്തെന്ന് അറിഞ്ഞു.

കഴിഞ്ഞ ദിവസം കോവളത്തു നിന്ന് കാണാതായ തന്റെ ഭാര്യയെ തേടി ആന്‍ഡ്രൂ മുട്ടാത്ത വാതിലുകളില്ല. പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങി മടുത്തു. കോവളത്തും, പരിസരപ്രദേശങ്ങളിലും സാധ്യമായ എല്ലാ വഴികളിലൂടെയും ആന്‍ഡ്രൂവും ഭാര്യ സഹോദരി ലിസയും ലീഗയെ തിരക്കിയിറങ്ങി. ഇതൊന്നും ഫലം കാണാതായതോടെയാണ് ആന്‍ഡ്രൂ തിരുവനന്തപുരം നഗരത്തിലൂടെ അലഞ്ഞു തുടങ്ങിയത്.
യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയില്‍ നിന്ന് കേരളത്തിലെത്തിയ ലീഗയെ ആണ് കാണാതായത്.

കടുത്ത വിഷാദരോഗിയായ ലീഗയുടെ ചികില്‍സാര്‍ത്ഥമാണ് സഹോദരി എല്‍സ ഇവരെ പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തിലെത്തിച്ചത്.
മാര്‍ച്ച്‌ 14ന് രാവിലെ ഓട്ടോറിക്ഷയില്‍ കോവളത്തെത്തിയ ലീഗയെ പിന്നീട് കാണാതാവുകയായിരുന്നു. പണമോ,. മൊബൈലൊ, പാസ്പോര്‍ട്ടോ എടുക്കാതെയാണ് ലീഗ പോയതെന്നും സോഹദരി എല്‍സ പറയുന്നു.

പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് ആന്‍ഡ്രൂ പറയുന്നു. പലയിടത്തും നേരിട്ട മോശം അനുഭവങ്ങളും അദ്ദേഹം മറച്ചുവെച്ചില്ല. പക്ഷേ അതൊന്നും ആന്‍ഡ്രുവിന് വിഷയമല്ല. ഭാര്യയെ കണ്ടെത്തുക മാത്രമാണ് ലക്ഷ്യം. തിരുവനന്തപുരം നഗരത്തിലെമ്ബാടും ലീഗയെ തേടിയുള്ള ആന്‍ഡ്രുവിന്റെയും, ലീസയുടെയും പോസ്റ്ററുകള്‍ കാണാം. അതും ഇരുവരും സ്വന്തം നിലയ്ക്ക് ഒട്ടിച്ചതാണ്. നഗരത്തില്‍ നാലാള്‍ കൂടുന്നിടത്തെല്ലാം തൊഴുകൈയ്യേടെ അപേക്ഷിക്കുകയാണ് മാനസികരോഗിയായ തന്റെ ഭാര്യയെ കണ്ടെത്താന്‍ സഹായിക്കണേ എന്ന്.

ഭാഷയോ , നാടോ, മതമോ ഒന്നും നോക്കാതെ നിരവധി തിരുവന്തപുരം നിവാസികള്‍ ആന്‍ഡ്രുവിന് സഹായവുമായെത്തുന്നുണ്ട്.ആത്മഹത്യ പ്രവണതയുള്ള ലീഗയെ കണ്ടെത്താന്‍ ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിക്കേണ്ടി വന്നു ഈ സാധുവിന്. എതെങ്കിലും തരത്തില്‍ ലീഗയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍. കോസ്റ്റ്ഗാര്‍ഡും മറ്റും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും പക്ഷേ ഫലമുണ്ടായില്ല. ഇതോടെ ആന്‍ഡ്രൂവും, ലീഗയുടെ സഹോദരിയും തിരച്ചിലിനു മുന്നിട്ടിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന തിരച്ചില്‍ രാത്രി വൈകിയും നീളും, കോവളത്തെ വിജനമായ ബീച്ചുകളില്‍ ഉള്‍പ്പടെ ആന്‍ഡ്രൂ അലഞ്ഞു തിരിയാത്ത വഴികളില്ല. രാത്രിയില്‍ ഒരു മൊബൈല്‍ ലൈറ്റിന്റെ വെളിച്ചത്തെ മാത്രം ആശ്രയിച്ചാണ് ആന്‍ഡ്രൂവിന്റെ തിരച്ചിലുകള്‍.

ലക്ഷ്യം ഒന്നു മാത്രമായതിനാല്‍ ആന്‍ഡ്രു മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കുന്നതേയില്ല. സഹോദരി ലീസ കോവളത്തെ ഓരോ കടകളിലും, ഹോട്ടലുകളിലും കയറി തിരച്ചില്‍ തുടരുന്നു. ഭാര്യക്കൊന്നും സംഭവിക്കില്ല, സമാധാനമായി ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കൂ എന്ന പോലീസിന്റെ സ്ഥിരം പല്ലവി കേട്ടു കേട്ടു മടുത്തുവെന്ന് ആന്‍ഡ്രൂ പറയുന്നു. ഉറ്റവരോ ഉടയവരോ ഇല്ലാത്ത മറ്റൊരു നാട്ടില്‍ സമാന സാഹചര്യത്തില്‍ പെട്ടു പോകുന്ന ഒരാള്‍ക്കു മാത്രമേ തന്റെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ കഴിയൂ എന്ന് ആന്‍ഡ്രൂ പരിതപിക്കുകയാണ്. പക്ഷേ ഈ അന്വേഷണത്തിന്റെ വ്യാപ്തിയിലുപരി നമ്മുടെ അധികൃതര്‍ക്ക് ഇവരെ സഹായിക്കാനാകും.

ബന്ധപ്പെട്ട ഭരണകൂടങ്ങള്‍ക്ക് ഇവരെ സഹായിക്കാനാകും. അതിനായുള്ള ശ്രമത്തിലാണ് ഇരുവരും. 5 ദിവസം പിന്നിട്ടതോടെ ഇവരുടെ താമസം ഉള്‍പ്പടെയുള്ളവ പ്രതിസന്ധിയിലായിരിക്കുകയാണ്.ഈ യുവതിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 9496226513,8138050946, 9947224900 എന്ന ഫോൺ നമ്പറിലോ വിവരം അറിയിക്കുക.

ജോളി ജോളി