വിവാഹച്ചെലവ് 500 രൂപ; വാര്‍ത്തയായി ഒരു ഐ.എ.എസ് കല്യാണം

ഹൈദരാബാദ്: നോട്ട് പ്രതിസന്ധിക്കിടെ അഞ്ഞൂറ് രൂപ നിങ്ങളുടെ കയ്യില്‍ കിട്ടിയാല്‍ എന്തൊക്കെ ചെയ്യാനാവും. ഒരു ദിവസം വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോലും തികയില്ല എന്നതായിരിക്കും ഉത്തരം. എന്നാല്‍ അഞ്ഞൂറ് രൂപയുണ്ടെങ്കില്‍ ഒരു കല്ല്യാണം കഴിക്കാമെന്ന് പറഞ്ഞാലോ. അങ്ങനെയൊരു കല്ല്യാണത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം പഞ്ചാബിലെ ജനങ്ങള്‍. നോട്ട് പ്രതിസന്ധിക്കിടയിലും തന്റെ മകളുടെ കല്ല്യാണത്തിന് അഞ്ഞൂറ് കോടി ചെലവിട്ട കര്‍ണാടകയിലെ ബി.ജെ.പി നേതാവ് ഗലി ജനാര്‍ദ്ദന റെഡ്ഡിയുടെ വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടു പുറകെയാണ് അയല്‍ സംസ്ഥാനമായ അന്ധ്രാപ്രദേശില്‍ നിന്നും ഇങ്ങനെയൊരു വാര്‍ത്തയും വരുന്നത്

ആന്ധ്രാപ്രദേശിലെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയാണ് നോട്ട് പ്രതിസന്ധിക്കിടെ വെറും അഞ്ഞൂറ് രുപ ചെലവില്‍ തന്റെ കല്ല്യാണം നടത്തി ശ്രദ്ധേയമായത്. ജനങ്ങള്‍ നോട്ടിന് വേണ്ടി ബാങ്കിന് മുന്നിലും എ.ടി.എമ്മിന് മുന്നിലും മണിക്കൂറുകളോളം കാത്ത് നില്‍ക്കുമ്പോള്‍ തനിക്കെങ്ങനെ കോടികള്‍ മുടക്കി കല്ല്യാണം കഴിക്കാനാവുമെന്നാണ് വിജയവാഡയിലെ സബ് കലക്ടര്‍ക്കൂടിയായ ഡോ.സലോനി സിദാന ചോദിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സലോനി സിദാനയും സുഹൃത്തും മധ്യപ്രദേശിലെ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ആഷിഷ് വസിഷ്ടയും തമ്മലുള്ള വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്തെ കല്ല്യാണ ചടങ്ങ് കോടതിയിലെ രജിസ്ട്രേഷന്‍ മാത്രമായി. ചെലവ് 500 രൂപയുടെ കോടതി ഫീസും. മാത്രമല്ല കല്ല്യാണച്ചടങ്ങ് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുക കൂടി ചെയ്തു സലോനി സിദാനും ഭര്‍ത്താവും.

കല്ല്യാണ റിസപ്ഷനും സല്‍ക്കാരവുമില്ലാതെ ഓഫീസിലെ സുഹൃത്തുകള്‍ക്ക് മധുര വിതരണം മാത്രമാണ് തങ്ങളുടെ സന്തോഷ സൂചകമായി ഈ ദമ്പതിമാര്‍ നടത്തിയത്. രാജ്യം ഇത്ര വലിയ നോട്ട് പ്രതിസന്ധി നേരിടുമ്പോള്‍ എന്തെങ്കിലും പാര്‍ട്ടി നല്‍കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും പക്ഷെ പീന്നീടൊരിക്കല്‍ പറ്റിയാല്‍ നല്‍കാമെന്നും സലോമി പറയുന്നു. പഞ്ചാബ് ജലാലാ ബാദ് ജില്ലയിലെ 2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് സലോമി സിദാന. മസൂരി ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമിയിലെ ഐ.എ.എസ് പരിശീലനത്തിനിടെ പ്രണയത്തിലായ സലോമിയും ആഷിഷ് വസിഷ്ടയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.