ജെഎന്‍യു ലൈംഗികാതിക്രമകേസ്; പ്രൊഫസര്‍ അതുല്‍ ജോഹ്രിയെ അറസ്റ്റ് ചെയ്തു

ജെഎന്‍യു ലൈംഗികാതിക്രമ കേസില്‍ ആരോപണവിധേയനായ പ്രൊഫസര്‍ അതുല്‍ ജോഹ്രിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ പാടാല്യ കോടതിയില്‍ ഹാജരാക്കിയെന്ന് ജോയിന്റ് കമ്മീഷണര്‍ അജയ് ചൗദരി പറഞ്ഞു. നേരത്തെ അതുല്‍ ജോഹ്രിയെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ലൈംഗികച്ചുവയോടെയുള്ള സംസാരം, നോട്ടം, ലൈംഗീകബന്ധത്തിന് പ്രേരിപ്പിക്കല്‍, തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് ജെഎന്‍യു സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സിലെ ( എസ്എല്എസ്) വിദ്യാര്‍ത്ഥികളാണ് പ്രൊഫസര്‍ക്കെതിരെ പരാതി നല്‍കിയത്.

വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ പരാതിയില്‍ സര്‍വകലാശാല അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള നടപടിയുമുണ്ടാവത്തിതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും വനിതാ കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.

ഒമ്പത് വിദ്യാര്‍ത്ഥിനികളാണ് പ്രൊഫസര്‍ക്കെതിരെ പരാതിയുമായി ആദ്യം രംഗത്തുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തിങ്കളാഴ്ച പ്രൊഫസറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു. അതുല്‍ ജോഹ്രിക്കെതിരെ എട്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, കേസ് വിശദമായി അന്വേഷിക്കുമെന്നും ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.