ദിവ്യ എസ്.അയ്യരുടെ നടപടിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് വൈകന്നതില്‍ റവന്യൂ മന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ തിരുവനന്തപുരം സബ് കല്കടര്‍ ദിവ്യ എസ്.അയ്യരുടെ നടപടിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് വൈകന്നതില്‍ റവന്യൂ മന്ത്രിക്ക് അതൃപ്തി. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു രണ്ടു ദിവസം കഴിഞ്ഞിട്ടും ലാന്‍ഡ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയില്ല.

വര്‍ക്കല അയിരൂര്‍ വില്ലേജില്‍ റോഡ് പുറമ്പോക്കാണെന്നു കണ്ടെത്തി തഹസീല്‍ദാര്‍ ഏറ്റെടുത്ത 27 സെന്റ് ഭൂമിയാണു സബ് കലക്ടര്‍ സ്വകാര്യവ്യക്തിക്കു തിരിച്ചു നല്‍കിയത്. ദിവ്യ എസ്.അയ്യരുടെ നടപടി ഭര്‍ത്താവും എംഎല്‍എയുമായ കെ.എസ്.ശബരിനാഥന്റ താല്‍പര്യപ്രകാരമാണെന്നായിരുന്നു ആരോപണം. വര്‍ക്കല എംഎല്‍എ വി. ജോയിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യുമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

തിങ്കളാഴ്ച വൈകീട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ചൊവാഴ്ച കഴിഞ്ഞിട്ടും ലാന്‍ഡ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയില്ല. തഹസീല്‍ദാറുടെ റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും വിശദമായി അന്വേഷിക്കാന്‍ സമയമെടുക്കുമെന്നുമാണു കമ്മീഷണറുടെ നിലപാട്. ഭൂമികൈമാറ്റത്തില്‍ ക്രമക്കേടുണ്ടെന്നും സബ് കലക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നത് ദിവ്യ എസ്. അയ്യരെ രക്ഷിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നതാണ് റവന്യുമന്ത്രിയുടെ അതൃപ്തിക്ക് കാരണമായിരിക്കുന്നത്.