ക്രിസ്തു ആരായിരുന്നു എന്ന് മാര്‍ത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യമുള്ള സീറോ മലബാര്‍ വിശ്വാസികള്‍ വായിച്ച് ഗ്രഹിക്കുന്നതു കൊള്ളാം

തോമസ് കൂവള്ളൂര്‍

സീറോ മലബാര്‍ കാത്തലിക് സഭാ നേതൃത്വത്തില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ കാണാനിടയായ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഒരു സഭാവിശ്വാസിയായ എനിക്ക് സഭയുടെ ഇന്നത്തെ അവസ്ഥയോര്‍ത്ത് വളരെ ദുഃഖമുണ്ട്. സഭയിലും സഭാ നേതൃത്വത്തിലും അടിയുറച്ച വിശ്വാസമുള്ള റോമന്‍ കാത്തലിക് സിറിയന്‍ ക്രിസ്ത്യന്‍ എന്ന വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ പൂര്‍വ്വികരുടെ വിശ്വാസം ഇന്നും ഞാനോര്‍ത്തുപോകുന്നു. എത്രയോ നല്ല വിശ്വാസ പാരമ്പര്യമായിരുന്നു അവര്‍ കാത്തുസൂക്ഷിച്ചിരുന്നത്. അവരുടെ സത്പ്രവര്‍ത്തികള്‍ മറ്റു മതസ്ഥരും മാനിച്ചിരുന്നു. എത്രമാത്രം ത്യാഗങ്ങള്‍ സഹിച്ചാണ് അവര്‍ സഭയെ പടുത്തുയര്‍ത്തിയത് എന്നും ഞാനോര്‍ക്കുന്നു.
പൂര്‍വ്വികരെപ്പറ്റിയുള്ള ചരിത്രപഠനം ഒരുവിധത്തില്‍ മനുഷ്യന് ഗുണകരമാണ്. അവര്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പിന്‍തലമുറക്കാര്‍ അതാവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണം. വാസ്തവത്തില്‍ മതങ്ങളെല്ലാം തന്നെ മനുഷ്യന് ഗുണകരമായ രീതിയില്‍ ഉണ്ടാക്കിയവയാണ്. എങ്കില്‍ കൂടി, എന്ന് ദൈവത്തില്‍ നിന്നകന്ന് പണത്തിന് പ്രാധാന്യം കൊടുക്കുന്നുവോ, അന്ന് മതങ്ങളുടെ മാഹാത്മ്യം ഇല്ലാതാകുമെന്ന് ബൈബിളില്‍ത്തന്നെ പലേടത്തും വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് സീറോ-മലബാര്‍ സഭയ്ക്കും ഇന്നു വന്നു ഭവിച്ചു എന്ന് വേണം അനുമാനിക്കാന്‍.
എന്റെ പൂര്‍വ്വികരുടെ വിശ്വാസം എത്രമാത്രം വലുതായിരുന്നുവെന്നോ. ഒരു ബിഷപ്പിനെവ കണ്ടാല്‍ അവര്‍ കുമ്പിടുമായിരുന്നു. അത്രമാത്രം ഭയഭക്തി ഉള്ളവരായിരുന്നു എന്റെ വിഭാഗത്തില്‍പ്പെട്ട പൂര്‍വ്വികര്‍. ബിഷപ്പുമാരെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവര്‍ കരുതിയിരുന്നു. ബിഷപ്പുമാര്‍ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ അവരുടെ തനി സ്വഭാവം കാണാമായിരുന്നു. ബിഷപ്പുമാരെക്കാള്‍ എത്രയോ ശ്രേഷ്ഠനാണ് കര്‍ദ്ദിനാള്‍. റോമിലെ പോപ്പിനു തുല്യരാണ് കര്‍ദ്ദിനാള്‍ പദവിയിലുള്ളവര്‍.
സീറോ-മലബാര്‍ സഭയുടെ പരമാധികാരിയായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ സീറോ-മലബാര്‍ സഭയില്‍പ്പെട്ട ഒരു കൂട്ടം വൈദിക മേലദ്ധ്യക്ഷന്മാര്‍ ഈയിടെ രംഗത്തു വന്നു സംസാരിക്കുന്നതു കേട്ടപ്പോള്‍ വാസ്തവത്തില്‍ അവര്‍ യഥാര്‍ത്ഥ സീറോ മലബാര്‍ വിശ്വാസികളുടെ ഗണത്തില്‍പ്പെട്ടവര്‍ തന്നെയാണോ എന്നു സംശയമുണ്ടായി. കാരണം, യഥാര്‍ത്ഥ വിശ്വാസമുള്ള ഒരു സീറോ-മലബാര്‍ റോമന്‍ കാത്തലിക് സിറിയന്‍ ക്രിസ്ത്യനും കര്‍ദ്ദിനാളിനെതിരെ ശബ്ദിക്കുമെന്നു തോന്നുന്നില്ല. അത്ര ഉറച്ച വിശ്വാസമുള്ളവരാണ് സീറോ-മലബാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നാണ് ഞാന്‍ കരുതിയിരിക്കുന്നത്.
പക്ഷേ, ഇപ്പോഴാണ് മനസ്സിലാക്കുന്നത് സീറോ-മലബാര്‍ സഭ നാശോന്മുഖമാകാന്‍ നിരവധി കാരണങ്ങളുണ്ടെന്നുള്ള സത്യം. ചരിത്രം പഠിച്ചെങ്കില്‍ മാത്രമേ ഈ വക കാര്യങ്ങള്‍ മനസ്സിലാവുകയുള്ളൂ. സീറോ-മലബാര്‍ സഭയ്ക്ക് ഇന്നുണ്ടായിരിക്കുന്ന കെട്ടുറപ്പില്ലായ്മക്കു കാരണങ്ങള്‍ നിരവധിയാണ്. അതു തുറന്നെഴുതിയാല്‍ ഒരു കുരിശുയുദ്ധം തന്നെ ഉണ്ടാവാനിടയുണ്ട്. എന്നിരുന്നാല്‍ കൂടി സത്യം മനസ്സിലാക്കാന്‍ കഴിഞ്ഞ സ്ഥിതിക്ക് തുറന്നെഴുതാതിരിക്കുന്നത് ഉചിതമല്ലല്ലോ.
പണ്ടുകാലത്ത് സീറോ-മലബാര്‍ സഭയ്ക്ക് പള്ളിയോഗം ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. സീറോ-മലബാര്‍ വിശാസികളുടെ കുടുംബങ്ങളില്‍ നിന്നുള്ളവരെ മാത്രമേ പള്ളിയോഗങ്ങളില്‍ പങ്കെടുപ്പിച്ചിരുന്നുള്ളൂ. അതവരുടെ പരമ്പരാഗതമായ ഒരു കീഴ്‌വഴക്കമായിരുന്നു. അന്ന് ഓരോ പള്ളികളിലും കണക്കന്മാരെ വച്ചിരുന്നു. അവര്‍ നാള്‍വഴികളും, പള്ളിക്കണക്കുകളും കൃത്യമായി എഴുതി സൂക്ഷിച്ചുപോന്നിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് വൈദികര്‍ പള്ളിയോഗത്തിന്റെ നിയന്ത്രണം എങ്ങനയോ കൈക്കലാക്കി. കാലക്രമേണ കണക്കുകളും, പണമിടപാടുകളുമെല്ലാം കൈകാര്യം ചെയ്യാനുള്ള അധികാരം ഇടവക വികാരിയുടേതാക്കി മാറ്റി. അതോടെ പള്ളിയോഗങ്ങളില്‍ ഇടവകയിലെ വിശ്വാസികള്‍ക്ക് ശബ്ദിക്കുവാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. മാറി മാറി വന്ന വൈദികര്‍ പള്ളിയുടെ ചരിത്രം നോക്കാതെ തന്നെ പള്ളിയില്‍ കൃത്യമായി വരുന്ന മറ്റു വിഭാഗങ്ങളില്‍പ്പെട്ടവരെപ്പോലും ചാക്കിട്ടുപിടിച്ച് പള്ളിയോഗങ്ങളിലേക്ക് നോമിനേറ്റു ചെയ്യാന്‍ തുടങ്ങിയതോടെ സീറോ-മലബാര്‍ സഭയുടെ അടിത്തറ ഇളകിത്തുടങ്ങി എന്നു പറയുന്നതാവും ശരി.
വൈദികര്‍ പള്ളിയോഗങ്ങളുടെ അധികാരം പിടിച്ചെടുത്ത് തങ്ങള്‍ക്കിഷ്ടമുള്ളവരെ നോമിനേറ്റു ചെയ്യപ്പെട്ടവരിലധികവും മറ്റു സഭകളില്‍ നിന്നും വിവാഹം കഴിച്ച് സഭയിലേക്ക് കടന്നുവന്നവരാണെന്നു വ്യക്തം. അവരില്‍ ചിലര്‍ പണക്കാരും, മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുള്ളവരും, ഡോക്ടര്‍മാര്‍ തുടങ്ങിയവരും ഒക്കെ ആയിരുന്നു എന്നു മനസ്സിലാക്കാന്‍ സാധിക്കും. എന്തിനേറെ സാവകാശം ഇക്കൂട്ടര്‍ ബോധപൂര്‍വ്വമെന്നോണം ഇടവകകളുടെ ഭരണം കൈക്കലാക്കി എന്നുതന്നെയല്ല മാറിമാറി വരുന്ന വൈദികരെപ്പോലും തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ തുടങ്ങി. അങ്ങിനെ സഭയുടെ നേതൃത്വം തന്നെ ഇക്കൂട്ടര്‍ കൈക്കലാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. അതേസമയം യഥാര്‍ത്ഥ സീറോ-മലബാര്‍ വിശ്വാസികള്‍ സഭാകാര്യങ്ങളില്‍ പ്രാമുഖ്യം കാണിക്കാതെ വരികയും സഭ ഒന്നിനൊന്നു ശിഥിലമായിത്തീരുകയും ചെയ്തു എന്നതാണ് സത്യം.
വാസ്തവത്തില്‍ സീറോ-മലബാര്‍ സഭയിലുള്ള തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നും അധികാരത്തിനു വേണ്ടിയുള്ള വടംവലി സഭയുടെ തുടക്കത്തില്‍ത്തന്നെ ഉണ്ടായിരുന്നു എന്നും സഭാചരിത്രം അറിയാവുന്നവര്‍ക്കറിയാം. എന്തിനേറെ, ഇന്റര്‍നെറ്റില്‍ ഒന്നു ഗൂഗിള്‍ സേര്‍ച്ചു നടത്തിയാല്‍ മാത്രം മതി ഇതു വ്യക്തമായി കാണാന്‍ കഴിയും.
2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ ഇവിടെ സ്മരിക്കുന്നതുകൊള്ളാം. “ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചു കൊള്ളുവിന്‍. മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തു വരാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട് നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറികളില്‍ വെച്ച് ചെവിയില്‍ പറഞ്ഞത് പുരമുകളില്‍ നിന്നു പ്രഘോഷിക്കപ്പെടും”. (ലൂക്കാ. 12: 2-3). യേശുവിന്റെ വാക്കുകള്‍ എത്രയോ സത്യമാണെന്ന് നമുക്ക് കാണാന്‍ കഴിയും. പണ്ട് ദൈവത്തിനു മാത്രം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നത് ഇന്ന് വാട്ട്‌സ് ആപ്പിലൂടെയും, ഫെയ്‌സ് ബുക്കിലൂടെയും ടിറ്റ്വറിലൂടെയും സാധാരണക്കാര്‍ക്കു പോലും കാണാമെന്ന സ്ഥിതി സംജാതമായിരിക്കുന്നു.
ഇനിയെങ്കിലും സഭാനേതൃത്വം ചെയ്യേണ്ടത് യഥാര്‍ത്ഥ സീറോ മലബാര്‍ വിശ്വാസികളെ കണ്ടെത്തി അവരെ നേതൃസ്ഥാനത്തേക്കു കൊണ്ടുവരാന്‍ ശ്രമിക്കുകയും, അവരില്‍ സംഘടനാ പാടവമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ്. കൂടാതെ കഴിഞ്ഞകാല തെറ്റുകള്‍ തിരുത്തി പണ്ടത്തെപ്പോലെ പള്ളിയോഗങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുകയും സഭാ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം അല്‍മായര്‍ക്ക് വിട്ടുകൊടുക്കുകയുമാണ് വേണ്ടത്.
ഇവയ്‌ക്കെല്ലാം പുറമെ വൈദികര്‍ പരമാവധി ആത്മീയ കാര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ട് പണപരമായ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി ആ വക കാര്യങ്ങള്‍ പള്ളിയോഗത്തിനു വിട്ടുകൊടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. കൂടാതെ യേശുക്രിസ്തുവിനെ മാതൃകയായി സ്വീകരിച്ച് കൊട്ടാരതുല്യമായ പള്ളികള്‍ നിര്‍മ്മിക്കുന്നതിനെ നിരുത്സാഹപ്പെടുത്തി ചിലവു കുറഞ്ഞ രീതിയിലുള്ള ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതും നന്നായിരിക്കും. അങ്ങനെ ചെയ്താല്‍ സഭ വീണ്ടും കെട്ടുറപ്പുള്ളതാക്കിത്തീര്‍ക്കാനും മറ്റുള്ള സഭകള്‍ക്കു കൂടി അതു മാതൃകയായിത്തീരുകയും ചെയ്യും.
നിരപരാധിയായ യേശുക്രിസ്തുവിനെ ക്രൂശില്‍ തറച്ചതുപോലെ നമ്മുടെ പ്രിയപ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ക്രൂശിലേറ്റാനുള്ള ഉദ്യമങ്ങളെ, അത് ആരായിരുന്നാലും, സര്‍വ്വശക്തിയുമുപയോഗിച്ച് എതിര്‍ത്തു തോല്പിക്കാന്‍ ഓരോ സഭാവിശ്വാസിയും അരയും തലയും മുറുക്കി രംഗത്തു വരികയാണ് വേണ്ടത്. അങ്ങിനെ വീണ്ടുമൊരു നിരപരാധിയെ ക്രൂശിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. മാര്‍ത്തോമ്മാ ശ്ലീഹായുടെ വിശ്വാസതീഷ്ണതയുള്ള സഭാവിശ്വാസികള്‍ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ മുമ്പോട്ടു വരുന്ന പക്ഷം കര്‍ദ്ദിനാളിനെ കുരിശില്‍ കയറ്റാതെ രക്ഷപ്പെടുത്താന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.
ഈ നോയമ്പുകാലത്ത് ക്രിസ്തു ആരായിരുന്നു എന്നും എന്താണ് പഠിപ്പിച്ചതെന്നും മാര്‍ത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യമുള്ള സീറോ മലബാര്‍ വിശ്വാസികള്‍ വായിച്ച് ഗ്രഹിക്കുന്നതു കൊള്ളാം. ഉയിര്‍പ്പു നാളിന് ഏതാനും ദിനങ്ങള്‍ മാത്രമുള്ള ഈ അവസരത്തില്‍ എല്ലാ വിശ്വാസികള്‍ക്കും സുബോധമുണ്ടാകുന്നതിനും കര്‍ദ്ദിനാളിനെ ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മനസ്സു തിരിയുന്നതിനു വേണ്ടിയും പ്രാര്‍ത്ഥിക്കുക.
ലേഖകന്‍ 2004-ല്‍ ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ആദ്യമായി വിശ്വാസികളെ സംഘടിപ്പിച്ച് എസ്.എം.സി.സി. എന്ന പ്രസ്ഥാനം ഉണ്ടാക്കി അതിന്റെ പ്രസിഡന്റായും, പിന്നീട് ഒരു വലിയ മത്സരത്തിലൂടെ പ്രസ്തുത ചര്‍ച്ചിന്റെ കൈക്കാരന്‍ പദവിയില്‍ വരെ എത്തിയ ആളുമാണ്. അനുഭവത്തില്‍ നിന്നുമാണ് ഇതെഴുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ