വയല്‍കിളി സമരം; കീഴാറ്റൂര്‍ ബൈപാസിന് എതിരു നില്‍ക്കുന്നത് നാല് കുടുംബങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍കിളിസമരത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴാറ്റൂരില്‍ ബൈപാസ് നിര്‍മാണത്തിന് എതിരു നില്‍ക്കുന്നതു നാലു കുടുംബങ്ങള്‍ മാത്രമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ബൈപാസിനെതിരെ പ്രക്ഷോഭത്തിലുള്ളതു മൂന്നു കുടുംബങ്ങളാണ്. 60ല്‍ 56 കുടുംബങ്ങളും സ്ഥലം ഏറ്റെടുക്കാന്‍ അനുമതി നല്‍കി. സിപിഎമ്മോ ഒപ്പം നില്‍ക്കുന്നവരോ പദ്ധതിക്ക് എതിരല്ല. സിപിഎമ്മിന് ഒരു നീതി മറ്റുള്ളവര്‍ക്കു വേറെ നീതി എന്നില്ല. ഈ വിഷയത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ഒരുമിച്ചു നില്‍ക്കണം മുഖ്യമന്ത്രി പറഞ്ഞു.

ബൈപാസിനു പകരം മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെങ്കില്‍ സംസ്ഥാനം സഹകരിക്കുമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. മേല്‍പ്പാലം നിര്‍മിക്കണോയെന്നു ദേശീയപാത അതോറിറ്റി തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കീഴാറ്റൂര്‍ വഴി ബൈപാസ് നിര്‍മിക്കാന്‍ തീരുമാനിച്ചതു പിണറായി വിജയനോ ജി. സുധാകരനോ അല്ല, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ പാത അതോറിറ്റിയാണ്.

ദേശീയപാത അതോറിറ്റി കണ്ടെത്തുന്ന ഭൂമി ഏറ്റെടുത്തു കൊടുക്കുകയാണു സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയെന്നും കോടിയേരി പറഞ്ഞു. വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍കിളി നേതാവ് സുരേഷ് കുമാറിന്റെ വീടിനു നേരെ ഇന്നലെ രാത്രി അജ്ഞാതര്‍ ആക്രമണം നടത്തിയിരുന്നു. ബൈക്കിലെത്തിയവര്‍ നടത്തിയ കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ