സുഡാനി ഫ്രം നൈജീരിയ; അഭ്രപാളിയിലെ കാല്പന്തുകളി(മൂവി റിവ്യൂ )

രജിത് ലീല രവീന്ദ്രൻ

കഴിഞ്ഞ ആഴ്ചകളിൽ സിനിമ കാണാൻ തിയേറ്ററിൽ പോയപ്പോളാണ് റിലീസ് ചെയ്യാൻ പോകുന്ന ഒരു മലയാള സിനിമയുടെ ട്രെയിലർ കണ്ടത് .മുഴുനീള കോമഡി എന്റെർറ്റൈനെർ എന്ന ധാരണയാണ് ആ പടത്തിന്റെ ട്രയ്ലർ നൽകിയത് .അതുകൊണ്ട് തന്നെ ഈ ആഴ്ച
ഏതു സിനിമ കാണും എന്നതിൽ ഒരു സംശയവുമില്ലായിരുന്നു, മിടുക്കരായ സിനിമാട്ടോഗ്രാഫേഴ്‌സായ സമീർ താഹിറും ,ഷൈജു ഖാലിദും നിർമിച്ചു, നവാഗതനായ സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ,അല്ലാതെ വേറേത് .

നായകൻ ‘കുമ്മാട്ടിക്കാ ജൂസിന്റെ ആൾ'(മഹേഷിന്റെ പ്രതികാരം ഫെയിം) സൗബിൻ ഷാഹിർ അവതരിപ്പിക്കുന്നത് സെവൻസ് ഫുട്ബോൾ കളിക്കുന്ന, ലോക്കൽ ടീമിന്റെ മാനേജർ കം ഓണറായ മജീദ് റഹ്‌മാനെയാണ് . ചില സമയത്തെ അയാളുടെ പ്രൊഫഷണലിസം/ജാഡ, അയാളെ ബാർസിലോണ ക്ലബ്ബിന്റെ മാനേജരാണെന്ന ഭാവത്തിലേക്കെത്തിക്കുന്നെന്ന് ചില നാട്ടുകാരെ കൊണ്ട് പറയിക്കുന്നുമുണ്ട്.കൂട്ടുകാരോടും ,നാട്ടുകാരോടും സൗഹാർദം പുലർത്തുമ്പോളും സ്വന്തം വീട്ടിൽ ഉമ്മയുടെ മുന്നിൽ അയാൾ തികച്ചും അപരിചിതനാണ്.

അങ്ങനെയിരിക്കെ നൈജീരിയക്കാരനാണെങ്കിലും ,മലപ്പുറത്തുകാർ ആഫ്രിക്കൻ ഫുട്ബോൾ താരങ്ങൾക്ക് പൊതുവായിട്ട സുഡാനി(സുഡാൻ രാജ്യക്കാരൻ) എന്ന പേരുമായി ,കാലിനു പരിക്കേറ്റ് കിടപ്പിലായ സാമുവേൽ മജീദിന്റെ വീട്ടിൽ താമസിക്കാനെത്തുന്നു .

പിന്നീട്,മജീദിന്റെ ജീവിതം സാമുവേലിന്റെത് കൂടിയാകുന്നു. അവികസിത കേരളീയ നാട്ടിൻപുറത്തിൽ നൈജീരിയയിൽ നിന്നുള്ള കറുത്ത നിറക്കാരനായ ആൾ സ്വാഗതം ചെയ്യപ്പെടുന്നതും ,സ്വാഭാവിക ഇടപെടലുകൾക്ക് വിധേയനാകുന്നതും വംശ വെറി പടർന്നു നിൽക്കുന്ന സമകാലിക സമൂഹത്തിൽ ആനന്ദം നൽകുന്ന കാഴ്ചയാണ് .ഇത്തരം സമരസപെടലുകൾക്ക് കാരണമാകുന്നത് കാല്പന്തുകളിയോടുള്ള ഭ്രാന്തിനൊപ്പമെത്തുന്ന ഇഷ്ടമെന്ന് പറയാമെങ്കിലും സിനിമ പുരോഗമിക്കുംതോറും വ്യക്തികളിലുള്ള ആത്യന്തിക നന്മയാണ് ഇത്തരം സ്നേഹങ്ങളിലേക്കെത്തിക്കുന്നതെന്ന് നമുക്ക് വായിച്ചെടുക്കാം. വ്യക്തികളും, വൻകരകളും അലിഞ്ഞില്ലാതാവുന്ന ചടുലവും,ഭ്രമാത്മകവും അതേസമയം വളരെ വികാരപരവുമായ ഒരു കളിയാൽ ബന്ധിക്കപ്പെട്ട മനുഷ്യരെ സിനിമയിലെമ്പാടും കാണാം. പണം ഉണ്ടാക്കാനായി ഫുട്ബോൾ കളി നടത്തുക എന്നത് ഒരു വലിയ അരുതായ്മയാണെന്നു സിനിമയിൽ പറയുന്നുമുണ്ട്.

മലയാളം പോലും ശരിക്കറിയാത്തവർ സാമുവേലുമായി ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിക്കുന്നു . ഇരു കൂട്ടർക്കും കാര്യങ്ങൾ ബോധ്യമാകുന്നുണ്ട്. അല്ലെങ്കിലും ബന്ധങ്ങളിൽ ഒരു ഘട്ടം കഴിഞ്ഞാൽ ആശയ വിനിമയോപാധിയെന്ന നിലയിൽ പോലും ഭാഷയുടെ സ്ഥാനം കുറയുന്നുവെന്നതാണ് സത്യം. നാട്ടുകാരുടെ പ്രിയ ‘സുഡുവായി’ മാറുന്ന അയാൾ എല്ലാവരോടുമൊപ്പം സ്നേഹമഴ നനയുന്നുണ്ട്.സ്ത്രീകൾ മാറ്റി നിർത്തപ്പെടുന്നില്ലെന്നു മാത്രമല്ല കാൽപ്പന്തു കളിക്കാരനായ സുഡാനിയുടെ സുഖ വിവരങ്ങൾ തിരക്കി കൊണ്ടും , ഉറപ്പ് വരുത്തിയും അവർ നിറ സാന്നിധ്യവുമാകുന്നുണ്ട്.

നൈജീരിയയിലെ മുത്തശ്ശിയേയും സഹോദരിമാരെയെല്ലാം വല്ലാതെ ഓർക്കുന്ന സാമുവേൽ ഇവിടുത്തെ പോലെ ഒരു ജീവിതമല്ല തന്നെപോലുള്ളവർക്ക് തന്റെ നാട്ടിലെന്നും , തനിക്കും തന്റെ നാട്ടുകാർക്കും ഒരു മെച്ചപ്പെട്ട ലോകത്തിനർഹതയുണ്ടെന്ന് പറയാതെ പറയുന്നതും സിനിമയിൽ കേൾക്കാം. സാമുവേൽ കോഴിക്കോട് നിന്നും ലാഗോസിലേക്ക് യാത്രയാകുമ്പോൾ ഓർമ്മകൾ മാത്രമല്ല ബാക്കിയാക്കുന്നത് ,തിരിച്ചറിവുകൾ കൂടിയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ അവസാന രംഗം കാണിച്ചു തരുന്നു .

അഭിനയത്തിൽ സൗബിൻ ഷാഹിർ തന്റെ നിലവിലുള്ള ഫോമിൽ തുടരുകയാണ്. വളരെ സാധാരണമായി തമാശകൾ പറഞ്ഞു ചിരിച്ചു കളിച്ചു ദേഷ്യപ്പെട്ട് വഴുതി മാറി മെലോഡ്രാമയിലേക്ക് പോകാതെ ദുഃഖങ്ങൾ പറഞ്ഞു അയാൾ പ്രേക്ഷകരോടൊപ്പം മുഴുവൻ സമയവുമുണ്ട് .അഭിനയ മികവിൽ തന്നിലേറെ ഇനിയുമുണ്ടെന്നു,സൗബിൻ എന്ന നടൻ നൽകുന്ന പ്രതീക്ഷ കൂടിയാണ് മജീദ് എന്ന കഥാപാത്രം. രണ്ടു നായികമാരാണ് സിനിമയിൽ . മജീദിന്റെ ഉമ്മയും,ഉമ്മയുടെ കൂട്ടുകാരിയുമാണ് അവർ. വൃദ്ധകൾ എന്ന് പറയരുത് സുന്ദരികൾ എന്ന് തന്നെ പറയണം രണ്ടു പേരെയും.തമാശകളുടെ ടൈമിങ്ങിലും,വികാരനിർഭര രംഗങ്ങൾ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നതിലും എന്ത് ഭംഗിയാണ് ഇരുവരെയും കാണാൻ.മജീദിന്റെ കൂട്ടുകാർ ,മറ്റ് അഭിനേതാക്കൾ എല്ലാവരും വിശ്വസനീയമായ രീതിയിൽ , മുഖത്ത് ചായങ്ങൾ തേക്കാതെ ജീവിച്ചു.

ഫുട്ബോളിനെ ജീവനെ പോലെ സ്നേഹിക്കുന്നവർ; ലോക ഫുട്ബോൾ കൈവെള്ളയിലെ രേഖകളെ പോലെ അറിയാവുന്നവർ. മെസ്സിയുടെ പെനാൽറ്റി കിക്കുകളും ,സിദാന്റെ കോച്ചിങ്ങും നെയ്‌മറിന്റെ ട്രാൻസ്ഫെരും നിത്യ ജീവിതവർത്തമാനത്തിന്റെ ഭാഗമാക്കിയവർ; വർത്തമാന പത്രം തുറന്ന് ആദ്യമായും അവസാനമായും സ്പോർട്സ് പേജിലേക്ക് മാത്രം കണ്ണ് കൊണ്ട് പോകുന്നവർ. മലപ്പുറത്തിന്റെ പ്രാദേശിക ചരിത്രാഖ്യാനം കൂടി കാൽപ്പന്തു കളിയുടെ പശ്ചാത്തലത്തിൽ നാട്ടുകാരനായ സംവിധായകൻ ചെയ്തിട്ടുണ്ട് .

പതിഞ്ഞ താളത്തിൽ തുടങ്ങി ,രണ്ടാം പകുതിയുടെ രണ്ടാം ഭാഗത്തിൽ അത്യുജ്ജ്വലമായ തലത്തിലേക്ക് സിനിമ ഉയരുകയാണ് .അഭയാർഥികളുടെ ജീവിതം , വെള്ളം അലഞ്ഞുള്ള അവരുടെ യാത്രകൾ ,വിശപ്പ് മറക്കാനുള്ള കാൽപ്പന്തു കളി , സഹോദരന്റെ കരുതലും സ്നേഹവും .നൈജീരിയ കേരളത്തിൽ നിന്ന് വളരെ ദൂരെ ആണെന്നാരാണ് പറഞ്ഞത്.
രാഷ്ട്ര വർഗ വർണ ഭാഷ വിവേചനമില്ലാതെ പരസ്പരം സ്നേഹത്താലുള്ള കൊടുക്കൽ വാങ്ങലുകളും;ബുദ്ധിമുട്ടുകൾക്കിടയിലും , സാമ്പത്തിക പരാധീനതകൾക്കിടയിലും സാധ്യമാകുമെന്ന് കാണിക്കുന്ന മനോഹര ദൃശ്യാനുഭവമാണീ സിനിമ.

സെവൻസ് നടക്കുന്ന മലപ്പുറത്തെ ഫുട്ബോൾ മൈതാനങ്ങൾ ,മലയാള ഭാഷയുടെ എല്ലാ അലങ്കാര ചമൽക്കാരങ്ങളെയും ഉപയോഗപെടുത്തികൊണ്ടുള്ള കമെന്ററികൾ,കാണികളുടെ ആവേശ തിര തല്ലൽ, താരങ്ങളെ പരിചയപ്പെടുന്ന കാണികൾ , ഗ്രൗണ്ടിലെ കയ്യാങ്കളിക്ക് ശേഷം റഫറീയുടെ വിസിലുമായി വീട്ടിലെത്തുന്ന മജീദ്. ഫുട്ബോൾ വികാരമായവർക്ക് , നെഞ്ചോടു ചേർത്ത് വെക്കാനുള്ള നിമിഷങ്ങൾ പലതാണ് സിനിമയിൽ.
പക്ഷേ വരും കാലങ്ങളിൽ ഈ സിനിമ രേഖപെടുത്തപ്പെടുന്നത് ഒരിക്കലും ഒരു ഫുട്ബോൾ സിനിമ എന്ന പേരിലാകില്ല മറിച്ചു ഹൃദയ ബന്ധങ്ങളെ ,മാനവ സ്നേഹത്തെ അതിരുകളില്ലാതെ പറത്തിവിട്ടു പ്രേക്ഷകന്റെ മനസിനെ ആർദ്രമാക്കിയ സിനിമ എന്ന് സുഡാനി ഫ്രം നൈജീരിയ അറിയപ്പെട്ടേക്കാം .

വളരെ മികച്ച സിനിമ എന്ന് പറയുന്നില്ല ,എന്നാൽ കണ്ടിരിക്കാവുന്ന അല്ലെങ്കിൽ കണ്ടിരിക്കേണ്ടിയിരിക്കുന്ന സിനിമ എന്ന് ഈ സുഡാനിയെ പറയാം. എന്റെ തികച്ചും വ്യക്തിപരമായ കാഴ്ചയിൽ, കുറവുകൾ കണ്ടു പിടിക്കാനായി കാത്തിരുന്നിട്ടും നിരാശനാകേണ്ടി വന്ന സിനിമ കൂടിയായി ഞാൻ ഈ സിനിമയെ എഴുതട്ടെ.