കലാമേള 2018 – കെ.ജെ. മാക്‌സി എം.എല്‍.എ. പങ്കെടുക്കുന്നു

ജിമ്മി കണിയാലി

Picture

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ.യുമായി സഹകരിച്ച് നടത്തുന്ന കലാമേള 2018 ല്‍ കെ.ജെ. മാക്‌സി എം.എല്‍.എ. പങ്കെടുക്കുന്നു. ഏപ്രില്‍ 7 ന് ബെല്‍ബുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ ഒരേസമയം നാലുവേദികളിലായി നടത്തുന്ന കലാമേള 2018 ന്റെ സമാപന ചടങ്ങിലാണ് കെ.ജെ. മാക്‌സി എം.എല്‍.എ. മുഖ്യാതിഥിയായി പങ്കെടുക്കുന്നതെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. കേരളത്തിലെ കൊച്ചി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എം.എല്‍.എ. ആണ് കെ.ജെ. മാക്‌സി. കൊച്ചിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീ. കെ.ജെ. മാക്‌സി ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ചിക്കാഗോ സന്ദര്‍ശിക്കുന്നത്.
ടോമി അമ്പേനാട്ട് ചെയര്‍മാനും ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത് എന്നിവര്‍ കോ-ചെയര്‍മാന്‍മാരുമായ കമ്മറ്റിയാണ് ഡയറക്ടര്‍ ബോര്‍ഡുമായി സഹകരിച്ച് കലമേള 2018 ന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

സംഘടനയുടെ വെബ്‌സൈറ്റായ www.chicagomalayaleeassociation.org യില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിച്ചുവരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ ലഭിക്കുന്നതിനാല്‍ മാര്‍ച്ച് 26 ന് തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കുമെന്നും ഏറ്റവും അവസാനം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും മുന്‍ വര്‍ഷങ്ങളിലെപ്പോലെ ആദ്യത്തെ ചെസ്റ്റ് നമ്പരുകള്‍ നല്‍കുകയെന്നതിനാല്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും അവര്‍ പറഞ്ഞു. കലാമേളയില്‍ എന്നും ആവേശമുണര്‍ത്തുന്ന ഒരിനമായ സ്‌പെല്ലിംഗ്ബി വിജയിക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതായിരിക്കും.

ആണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന കലാപ്രതിഭയ്ക്ക് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒസേപ്പ് കണ്ണൂക്കാടന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും പെണ്‍കുട്ടികളില്‍ ഏറ്റവും കുടുതല്‍ പോയിന്റുകള്‍ നേടുന്ന കലാതിലകത്തിന് മൈക്കിള്‍ മാണിപറമ്പില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അന്നാ മാണിപറമ്പില്‍ എവറോളിംഗ് ട്രോഫിയുമായിരിക്കും ലഭിക്കുക.
സ്‌പെല്ലിംഗ്ബി വാക്കുകളും പ്രസംഗമത്സരത്തിന്റെ വിഷയങ്ങളും നേരത്തെതന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. മലയാളം വായനയ്ക്ക് സമ്മാനം നേടുന്ന കുട്ടിക്ക് സീറോ മലബാര്‍ മലയാളം സ്കൂള്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കും.

കലാമേള കാണുവാനും വിജയിപ്പിക്കുവാനും എല്ലാ മലയാളികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.