29.8 C
Kochi
Saturday, May 11, 2024
മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതി. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളെജ് ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ഥികളുടെ പേരില്‍ നിയമലംഘനം അനുവദിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. നിരവധി തവണ കോടതി തള്ളിയ കേസിലാണ് വിധി മറികടക്കാനുള്ള നിയമരൂപീകരണമെന്നും കോടതി. ഓര്‍ഡിനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിമര്‍ശനം.

അതേസമയം ഈ വിഷയത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് ശേഷമാകും തുടര്‍നടപടികള്‍ കോടതി സ്വീകരിക്കുക.

സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസ് നേരത്തെ ഗവർണർ ജസ്‌റ്റിസ് പി.സദാശിവം ഒപ്പിടാതെ മടക്കിയിരുന്നു. സുപ്രീംകോടതിയുടെ വിധി മറികടക്കാൻ വേണ്ടി ഇറക്കിയ ഓർഡിനൻസിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മടക്കിയത്.കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞവർഷം മാനേജ്‌മെന്റുകൾ നേരിട്ട് പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ സംരക്ഷിക്കാനാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്.

കഴിഞ്ഞവർഷം സർക്കാരുമായി കരാർ ഒപ്പിടാതെ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾ നേരിട്ട് നടത്തിയ പ്രവേശനം മേൽനോട്ട സമിതി റദ്ദാക്കിയിരുന്നു. കണ്ണൂരിൽ 150ഉം കരുണയിൽ 30ഉം വിദ്യാർത്ഥികളുടെ പ്രവേശനമാണ് റദ്ദായത്. ഈ നടപടി സുപ്രീംകോടതിയും ശരിവച്ചു. കരുണയിൽ 30 വിദ്യാർത്ഥികളെ പ്രവേശനപരീക്ഷാ കമ്മിഷണർ പകരം അലോട്ട് ചെയ്‌തെങ്കിലും അവർക്ക് ഇക്കൊല്ലം പ്രവേശനം നല്കാനായിരുന്നു കോടതി നിർദ്ദേശം.

എന്നാൽ, കഴിഞ്ഞവർഷം മാനേജ്‌മെന്റ് പ്രവേശിപ്പിച്ച വിദ്യാർത്ഥികൾ ഇരുകോളെജുകളിലും പഠനം തുടർന്നു. ഒന്നാം വർഷ പരീക്ഷയ്ക്കായി ആരോഗ്യ സർവകലാശാലയെ സമീപിച്ചപ്പോഴാണ് പ്രവേശനത്തിന് അംഗീകാരമില്ലാത്തതിനാൽ രജിസ്റ്റർ ചെയ്തിട്ടു പോലും ഇല്ലെന്ന് വ്യക്തമായത്. വൻ ഫീസ് വാങ്ങി കുട്ടികളെ പ്രവേശിപ്പിച്ച മാനേജ്‌മെന്റുകളാകട്ടെ കൈമലർത്തി. കുട്ടികൾ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. ഇതോടെയാണ് കുട്ടികൾ സർക്കാരിനെ സമീപിച്ചത്. ഇതിനെത്തുടർന്ന് ഈ കോളേജുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് സർക്കാർ ഓർഡിനൻസ് ഇറക്കുകയായിരുന്നു