സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ്; പിടിയിലായത് കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരന്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ്. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ദില്ലി രാജേന്ദര്‍ നഗറിലാണ് വിക്കിയുടെ കോച്ചിംഗ് സെന്റര്‍. കണക്കും ഇക്കണോമിക്‌സും ഈ കോച്ചിംഗ് സെന്ററില്‍ പഠിപ്പിച്ചിരുന്നു.

മാര്‍ച്ച് 26നാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വാര്‍ത്ത വരുന്നത്. വിദ്യാര്‍ഥികള്‍ പരീക്ഷാഹാളില്‍ പരീക്ഷ എഴുതുമ്പോഴാണ് സംഭവം. പരീക്ഷകള്‍ റദ്ദാക്കിയതും വീണ്ടും നടത്താനുമുള്ള സിബിഎസ്ഇയുടെ തീരുമാനം 28 ലക്ഷത്തോളം കുട്ടികളെയാണ് ബാധിച്ചത്.

അന്നേ ദിവസം സിബിഎസ്ഇയുടെ ഓഫീസില്‍ മേല്‍വിലാസമില്ലാത്ത ഒരു കത്ത് വന്നിരുന്നു. ഇക്കണോമിക്‌സ് പരീക്ഷയുടെ ഉത്തരങ്ങള്‍ എഴുതിയ നാല് പേജുകളുള്ള കടലാസുകളും ഒപ്പം ചോദ്യപേപ്പര്‍ ചോര്‍ന്നത് സംബന്ധിച്ച വിവരങ്ങളുമായിരുന്നു കത്തില്‍ കുറിച്ചിരുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാണ് ഈ കത്തില്‍ വ്യക്തമാക്കുന്നത്.

തുടര്‍ന്നാണ് പരീക്ഷകള്‍ റദ്ദാക്കാന്‍ സിബിഎസ്ഇ അധികൃതര്‍ തീരുമാനിക്കുന്നത്. സംഭവത്തില്‍ സിബിഎസ്ഇയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അധ്യാപകനെയും രണ്ട് സ്‌കൂളുകളുടെയും പേരുകള്‍ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.തന്റെ കോച്ചിംഗ് സെന്ററിലെ കുട്ടികള്‍ക്ക് കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ കൈപ്പടയിലെഴുതിയ രൂപത്തില്‍ കിട്ടിയതായി ഒരു അധ്യാപകന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവിടെ പരിശോധന നടത്തിയ പൊലീസിന് 9 ചോദ്യങ്ങള്‍ അടങ്ങിയ പേപ്പറുകള്‍ ഇവിടെ നിന്ന് ലഭിച്ചു.

സംഭവത്തിന്റെ കൂടുതല്‍ അന്വേഷണത്തിനായി ഡല്‍ഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഈ സംഘം രണ്ടായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഡല്‍ഹിയില്‍ നിന്ന് തന്നെയാകും ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന നിഗമനത്തിലാണ് പൊലീസ്. അതിനാല്‍ ഡല്‍ഹി കേന്ദ്രീകരിച്ചാകും പ്രധാന അന്വേഷണം.