മോഹന്‍ലാലിന് പിന്നാലെ ദിലീപ് ആരാധകന്റെ കഥയുമായി “ഷിബു”

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ആരാധികയായി മഞ്ജു വാര്യര്‍ എത്തുന്ന ചിത്രമാണ് ‘മോഹന്‍ലാല്‍’. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായാണ് മഞ്ജു എത്തുന്നത്. ഇപ്പോഴിതാ സൂപ്പര്‍താരം ദിലീപ് ആരാധകന്റെ ചിത്രം കൂടി മലയാളത്തിലെത്തുന്നു. ഷിബു എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ദിലീപ് ആരാധകനും സിനിമാ മോഹിയുമായ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് പറയുന്നത്. അര്‍ജുനും ഗോകുലും ചേര്‍ന്നാണ് സംവിധാനം.

ഗോവിന്ദ് പത്മസൂര്യയും മിയയും നായികാനായകന്മാരായി എത്തിയ 32ാം അദ്ധ്യായം 23ാം വാക്യം ആണ് ഇതിന് മുമ്പ് ഇവര്‍ ചെയ്ത ചിത്രം.

പാലക്കാടിന്റെ പശ്ചാത്താലത്തിലൊരുങ്ങുന്ന ചിത്രമാണിത്. തിയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ചെറുപ്പക്കാരനാണ് ഷിബു. 90 കളിലെ ദിലീപിന്റെ സിനിമകള്‍ കണ്ട് ആരാധകനായി മാറുന്നു. പ്ലസ് ടു കഴിഞ്ഞ് ദിലീപിനെ നായകനാക്കി സിനിമാ സംവിധാനം ചെയ്യണമെന്നതാണ് സ്വപ്നം.

ഷിബുവിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത് പ്രണീഷ് വിജയനാണ്. യുവഗായകന്‍ സച്ചിന്‍ വാര്യര്‍ സംഗീതമൊരുക്കുന്നു എന്ന സവിശേഷതയുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ