മതരഹിത വിദ്യാർഥികളുടെ സര്‍ക്കാര്‍ കണക്കില്‍ കൂടുതല്‍ തെറ്റുകള്‍

തിരുവനന്തപുരം: മതരഹിത കുട്ടികളുടെ സര്‍ക്കാര്‍ കണക്കില്‍ കൂടുതല്‍ തെറ്റുകള്‍. മലപ്പുറത്തിന് പിന്നാലെ കാസര്‍കോട് ജില്ലയിലെ കണക്കിലും പിഴവ്. കളമശ്ശേരി രാജഗിരി, അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി, തുറക്കല്‍ അല്‍ഹിദായ എന്നീ സ്‌കൂളുകളില്‍ 1000 ത്തിലധികം വിദ്യാര്‍ഥികള്‍ ജാതി,മതം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ ഇതു തെറ്റാണെന്നും എല്ലാ കുട്ടികളുടെയും ജാതിയും മതവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ജാതിയും മതവും രേഖപ്പെടുത്താതെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നതെന്നാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചത്. ഒന്നുമതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയ 1,23,630 വിദ്യാര്‍ഥികള്‍ പഠിക്കുന്നുവെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. പ്ലസ് വണ്ണിന് 278 കുട്ടികളും പ്ലസ് ടൂവിന് 239 കുട്ടികളും ഇത്തരത്തിലുള്ളവരുണ്ട്.

സംസ്ഥാനത്തെ 9,209 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ സംബന്ധിച്ച കണക്കാണ് വിദ്യാഭ്യാസമന്ത്രി സഭയില്‍ വെളിപ്പെടുത്തിയത്. ഏത് ജില്ലയിലാണ് ഇത്തരം വിദ്യാര്‍ഥികള്‍ അധികം എന്നതടക്കമുള്ള വിശദമായ വിവരങ്ങള്‍ വിദ്യാഭ്യാസമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.

സ്‌കൂള്‍ തിരിച്ചുള്ള കണക്കിന്റെ സോഫ്റ്റ് കോപ്പിയും നിയമസഭയില്‍ മന്ത്രി പങ്കുവച്ചിരുന്നു. ഈ രേഖകളാണ് ഇപ്പോള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്.