സിബിഎസ്ഇ പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25 ന്; പത്താം ക്ലാസ് പരീക്ഷ രണ്ടിടങ്ങളില്‍ മാത്രം

ന്യൂഡല്‍ഹി: ചോദ്യക്കടലാസ് ചോര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവെച്ച സി.ബി.എസ്.ഇ. പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു. 12-ാം ക്ലാസ് എക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25നു നടത്താനാണ് തീരുമാനം. പത്താം ക്ലാസ് പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയിലും നടത്തും. ഇതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപാണ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത്.

ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ് പത്താം ക്ലാസ് പരീക്ഷ നടത്തുക. ഇവിടങ്ങളില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ പത്താം ക്ലാസ് പരീക്ഷ വീണ്ടും നടത്തണമോ വേണ്ടയോ എന്നതില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഇന്ത്യയ്ക്കു പുറത്ത് സിബിഎസ്ഇ  നടത്തിയ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നിട്ടില്ല. അതിനാൽ പുനഃപരീക്ഷ ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

പത്താംക്ലാസിലെ കണക്കിന്റെയും പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്‌സിന്റെയും ചോദ്യക്കടലാസുകളാണ് ചോര്‍ന്നിരുന്നത്. പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ രാജ്യമൊട്ടാകെ വന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് സെക്കന്‍ഡറി എജ്യുക്കേഷന്‍ സെക്രട്ടറി അനില്‍ സ്വരൂപിന്റെ പ്രഖ്യാപനം. പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് മാനവശേഷി വികസന വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കറുടെ വസതിക്കു സമീപം വെള്ളിയാഴ്ച രാവിലെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

മാര്‍ച്ച് 26നാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വാര്‍ത്ത വരുന്നത്. വിദ്യാര്‍ഥികള്‍ പരീക്ഷാഹാളില്‍ പരീക്ഷ എഴുതുമ്പോഴാണ് സംഭവം. പരീക്ഷകള്‍ റദ്ദാക്കിയതും വീണ്ടും നടത്താനുമുള്ള സിബിഎസ്ഇയുടെ തീരുമാനം 28 ലക്ഷത്തോളം കുട്ടികളെയാണ് ബാധിച്ചത്.

അതിനിടെ, പരീക്ഷ നടന്ന ചില കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ െ്രെകംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടത് സിബിഎസ്ഇ കൈമാറി. ചോദ്യക്കടലാസ് ചോര്‍ന്നു എന്നു സംശയിക്കുന്ന കേന്ദ്രങ്ങളിലെ പരീക്ഷ സൂപ്രണ്ടുമാര്‍, അവിടേക്കു പേപ്പര്‍ എത്തിച്ച ബാങ്കുകള്‍ എന്നിവയുടെ വിവരങ്ങളാണു തേടിയത്. ഹരിയാനയിലെയും ഡല്‍ഹിയിലെയും പരീക്ഷാസെന്ററുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളറെയും രണ്ടുമണിക്കൂറിലേറെ നേരം പൊലീസ് ചോദ്യം ചെയ്തിരുന്നു.

രണ്ടു കേസുകളാണ് സംഭവത്തില്‍ ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് ഡപ്യൂട്ടി കമ്മിഷണര്‍മാരും നാല് അസി. കമ്മിഷണര്‍മാരും അഞ്ച് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്നതാണ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം.