റെഡ്ഡി മോഡല്‍ കല്യാണം അനന്തപുരിയിലും; ബാഹുബലിയെ വെല്ലുന്ന സെറ്റ്

കല്യാണം ഞായാറാഴ്ച്

വിവാഹമണ്ഡപം അക്ഷര്‍ ധാം മാതൃകയില്‍ 

റെഡ്ഡിയെ കുറ്റം പറഞ്ഞ കോണ്‍ഗ്രസുകാര്‍ ഇനിയെന്തുപറയും

കോണ്‍ഗ്രസ് നേതാക്കള്‍ ഈ ആഡംബര കല്യാണത്തില്‍ പങ്കെടുക്കുമോ

വി.എം. സുധീരന്‍ എന്തു പറയും ?  

ഹിന്ദുമത വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രമായ സ്വാമിനാരായണ അക്ഷര്‍ധാം മന്ദിരത്തിന്റെ മാതൃകയില്‍ തലസ്ഥാന നഗരയില്‍ വിവാഹ മണ്ഡപം ഒരുങ്ങുന്നു. രാജധാനി ഗ്രൂപ്പ് ചെയര്‍മാന്‍ ബിജു രമേശിന്റെ മകളുടെ വിവാഹത്തിനാണ് കേരളത്തില്‍തന്നെ ആദ്യമായി ഇത്തരമൊരു വിവാഹ മണ്ഡപം തയാറാക്കുന്നത്. വെണ്‍പാലവട്ടത്തെ രാജധാനി ഗാര്‍ഡന്‍സിലാണ് അക്ഷര്‍ധാം മന്ദിരത്തിന്റെ മാതൃകയില്‍ മണ്ഡപം നിര്‍മ്മിക്കുന്നത്. ഏഴര ഏക്കറിലാണ് വിവാഹവേദി ഒരുങ്ങുന്നത്. 300 തൊഴിലാളികള്‍ ഒരുമാസം രാപകലില്ലാതെ ജോലി ചെയ്യുന്നുണ്ടിവിടെ. ഡിസംബര്‍ നാലിനാണ് ബിജു രമേശിന്റെ മകള്‍ മേഘയും മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്റെ മകന്‍ അജയും തമ്മിലുള്ള വിവാഹം. വൈകിട്ട് ആറിനും ആറരയ്ക്കുമിടയിലാണ് മുഹൂര്‍ത്തം.

കര്‍ണാടകത്തിലെ ബി.ജെ.പി നേതാവായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ ആഡംബര കല്യാണത്തിനെ തലങ്ങും വിലങ്ങും വിമര്‍ശിച്ച കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിന്‍റെ മകന്‍റെ വിവാഹത്തെക്കുറിച്ച് എന്തുപറയും എന്നറിയാന്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം കാതോര്‍ക്കുകയാണ്. കേരളത്തിലെ ബി.ജെ.പി നേതൃത്വം ഈ വിവാഹ മാമാങ്കത്തെ കുറ്റപ്പെടുത്തിക്കൊണ്ട് ഇതുവരെ രംഗത്തുവന്നിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. സി.പി.എം നേതൃത്വവും കടുത്ത മൗനത്തിലാണ്. നോട്ട് പ്രതിസന്ധിയെക്കുറിച്ചും കള്ളപ്പണ ഉപയോഗത്തെക്കുറിച്ചും വാചകമടിക്കുന്ന രാഷ്ട്രീയ നേതാക്കളോ സാമൂഹിക പ്രവര്‍ത്തകരോ ബിജു രമേശിന്‍റെ മകളുടെ വിവാഹത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നത് ശ്രദ്ധേയമാണ്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിയും ഈ വിവാഹത്തില്‍ പങ്കെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആഡംബര വിവാഹങ്ങള്‍ക്ക് ഇവര്‍ എന്നും എതിരാണെന്നാണ് പറ‍ഞ്ഞു കേള്‍ക്കുന്നത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തതിനെ വി.എം. സുധീരന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെയാണ് ഇരുകൂട്ടരും അന്ന് നിശ്ചയത്തില്‍ പങ്കെടുത്തത്. അതുകൊണ്ടൊക്കെ തന്നെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വളരെ ശ്രദ്ധയോടെയാണ് ഈ വിവാഹത്തെ നോക്കിക്കാണുന്നത്. ഇതിന്‍റെ പേരില്‍ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിക്കുമോ എന്ന് നോക്കിയിരിക്കുന്നവരും കുറവല്ല.

marriage-adoor-biju-family

സ്വാഗതമേകാന്‍ കോട്ട

വിവാഹത്തിനെത്തുന്നവരെ വരവേല്‍ക്കുന്നത് ഇരുവശവും പരമ്പാരഗത കൊത്തുപണികള്‍ തീര്‍ത്തൊരു കോട്ടയായിരിക്കും. അതിലൂടെ പ്രവേശിച്ചാല്‍ സദസ്യര്‍ക്കായുള്ള വിശാലമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെത്തും. ആറടി വീതിയില്‍ നടപ്പാത ഒരുക്കി ഇരുവശവും വിവാഹത്തിനെത്തുന്നവര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ടാകും. ഒരേ സമയം 9000 പേര്‍ക്കിരിക്കാം. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനു മുന്നിലായാണ് അക്ഷര്‍ധാം മാതൃകയില്‍ കല്യാണ മണ്ഡപം. വിവാദ വേദിയില്‍ നൂറുപേര്‍ക്ക് നില്‍ക്കാം. വിവാഹ മണ്ഡപത്തിന്റെ തൂണുകളില്‍ ശിവനും പാര്‍വതിയും കൃഷ്ണനും രാധയുമെല്ലാം കൊത്തിവച്ചിട്ടുണ്ട്. മണ്ഡപം ഒരുക്കാനായി കൊല്ലത്തു നിന്നും സ്വാഗത മണ്ഡപത്തിനായി കോഴിക്കോടു നിന്നുമാണ് ആളുകളെ കൊണ്ടുവന്നത്. ഈ ആഡംബര കല്യാണത്തെക്കുറിച്ച് ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ആ വാര്‍ത്ത വായിക്കാം —

അനുമതിയുള്ളത് 2.5 ലക്ഷം ചെലവഴിക്കാന്‍: അഴിമതിവിരുദ്ധനായ ബിജു രമേശും മുന്‍മന്ത്രി അടൂര്‍ പ്രകാശും മക്കളുടെ വിവാഹം ഈ പണത്തില്‍ ഒതുക്കുമോ

akshar-dham

ആറായിരം പേരുടെ പന്തി

എറണാകുളത്തു നിന്നുള്ള സംഘമാണ് ഇരുവശത്തുമുള്ള സദ്യാലയം ഒരുക്കിയിരിക്കുന്നത്. ഒരേസമയം ആറായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഭക്ഷണത്തിന്റെയും മറ്റും പൂര്‍ണമായ ഉത്തരവാദിത്തം രാജധാനി ഹോട്ടല്‍ ശൃംഖലയ്ക്ക് തന്നെയാണ്.

ലൈവ് ബിരിയാണി മേക്കിംഗ് 100ലധികം വിഭവങ്ങള്‍

വിവാഹത്തിനെത്തുന്നവരുടെ കണ്‍മുന്നില്‍ വച്ചുതന്നെ ബിരിയാണി തയാറാക്കി വിളമ്പും. അതിനായി സ്‌പെഷ്യല്‍ ഷെഫുമാരെ തന്നെ രാജധാനി ഹോട്ടലില്‍ നിന്ന് വരുത്തിക്കുന്നുണ്ട്. ഇതോടൊപ്പം നാടന്‍ ഉള്‍പ്പെടെ നൂറിലധികം വിഭവങ്ങളും ഫ്യൂഷന്‍ വിഭവങ്ങളും എണ്‍പതോളം ഡെസേര്‍ട്ടുകളും ഒരുക്കുന്നുണ്ട്.

രാജധാനി ഇവന്റ് ആന്റ് മാനേജ്‌മെന്റ് ഉദ്ഘാടനം

ഈ വിവാഹ ഒരുക്കത്തിന്റെ പൂര്‍ണമായ ചുക്കാന്‍ പിടിക്കുന്നത് രാജധാനി ഇവന്റ് ആന്‍ഡ് മാനേജ്‌മെന്റ് ആണ്. ആ ഗ്രൂപ്പിന്റെ ലോഞ്ചിംഗ് സംരംഭമാണ് ഈ വിവാഹം. വരനെയും വധുവിനെയും പാട്ടിന്റെ അകമ്പടിയോടെ വരവേല്‍ക്കുന്നതുള്‍പ്പെടെ നിരവധി അത്ഭുതങ്ങളാണ് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

പാര്‍ക്കിംഗിനായി വിപുലമായ സൗകര്യം

വിവാഹം നടക്കുന്ന സ്ഥലത്ത് 200 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണുണ്ടാവുക. എന്നാല്‍, തൊട്ടടുത്ത് കിംസിന്റെയും ശിവജി ഗ്രൂപ്പിന്റെയും പാര്‍ക്കിംഗ് ഏരിയകള്‍ വിവാഹ വാഹനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. 15000 പേരെയാണ് വിവാഹത്തിന് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ദൂരെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലേക്ക് പോകാനും കൊണ്ടുവരാനുമായി രാജധാനിയുടെ തന്നെ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാട്ടും നൃത്തവും

ഗായിക ശ്വേതാ മോഹന്റെ ഗാനമേളയും ബെന്നറ്റ് ആന്‍ഡ് ദ ബാന്‍ഡിന്റെ മ്യൂസിക് ഫ്യൂഷനുമുള്‍പ്പെടെ വന്‍ കലാപരിപാടികളും അതിഥികളെ കാത്തിരിക്കുന്നുണ്ട്.