സന്തോഷ് ട്രോഫി താരത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സടക്കം വമ്പന്‍ ക്ലബുകള്‍

പശ്ചിമ ബംഗാളിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കിയതിന് പിന്നാലെ കേരള താരത്തെ നോട്ടമിട്ട് വമ്പന്‍ ക്ലബുകള്‍. കേരള സ്‌ട്രൈക്കര്‍ എം.എസ് ജിതിനെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്, എടികെ, ഈസ്റ്റ് ബംഗാള്‍ എന്നിവരാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ച ജിതിന്‍ ഫൈനലിലടക്കം അഞ്ചുഗോളുകളാണ് ടൂര്‍ണമെന്റില്‍ നേടിയത്. ഇപ്പോള്‍ സെക്കന്‍ഡ് ഡിവിഷന്‍ ഐലീഗ് ക്ലബായ എഫ് സി കേരളയുടെ താരമാണ് ജിതിന്‍ അടുത്ത സീസണിലേക്ക് ബ്ലാസ്‌റ്റേഴ്‌സടക്കമുള്ള ക്ലബ്ബുകള്‍ പുതിയ താരങ്ങളെ സ്വന്തം നിരയിലേക്കെത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ജിതിനെ നോട്ടമിടുന്നതായി റിപ്പോര്‍ട്ട് വരുന്നത്.

കേരളം ബംഗാളിനെ പെനാള്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് 1-1 നും എക്‌സ്ട്രാ ടൈമില്‍ 2-2നും പിരിഞ്ഞ മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് കേരളം വിജയം കൊയ്തത്. പതിനാലു വര്‍ഷത്തിനു ശേഷമാണ് കേരളം സന്തോഷ് ട്രോഫി കിരീടം നേടുന്നത്.