ദളിത് സംഘടന ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ വ്യാപക അക്രമം; ഉത്തരേന്ത്യയില്‍ 9 മരണം

ന്യൂഡല്‍ഹി: ദളിത് സംഘടന ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ രാജ്യത്ത് വ്യാപക അക്രമം. ആക്രമണത്തില്‍ സമരാനുകൂലികള്‍ ക്കെതിരെ നടന്ന പൊലീസ് വെടിവെപ്പില്‍ ഉത്തരേന്ത്യയില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഗ്വളിയര്‍, മൊറീന, ബിന്ദ് എന്നിവിടങ്ങളില്‍ ആറു പേരും, ഉത്തര്‍ പ്രദേശില്‍ രണ്ടും, രാജസ്ഥാനിലെ അല്‍വാറില്‍ ഒരാളും കൊല്ലപ്പെട്ടു. ഗ്വാളിയറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടയുകയും നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.

പഞ്ചാബ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെ ബന്ദ് കാര്യമായി ഉലച്ചു. നിരവധി നഗരങ്ങളില്‍ കര്‍ഫ്യൂ നടപ്പിലാക്കി. പട്ടികജാതി-പട്ടികവര്‍ഗ(പീഡനം തടയല്‍) നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദളിത് സംഘനടകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

BANDH

രാജസ്ഥാനിലെ ജയ്പുരിലും ബാര്‍മറിലും അല്‍വാറിലും പ്രതിഷേധം ശക്തമാണ്. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രക്ഷോഭത്തെ തുടര്‍ന്ന് ബിഹാര്‍, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ ഗതാതം തടസപ്പെട്ടു. ചിലസ്ഥലങ്ങളില്‍ ദേശീയപാതകളും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

ഉത്തര്‍പ്രദേശിലെ അസംഗഢില്‍ വിദേശികള്‍ക്കു നേരെ ആക്രമണമുണ്ടായി.ഉത്തര്‍പ്രദേശില്‍ ഹൈവേ അടക്കം പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ആഗ്രയില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. കടകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു.

ജാര്‍ഖണ്ഡിലെ റാഞ്ചിയിലും പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. രാജസ്ഥാനിലെ ബാര്‍മറില്‍ പ്രതിഷേധക്കാര്‍ കാറുകള്‍ക്ക് തീയിട്ടു. വസ്തുവകകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.

പഞ്ചാബില്‍ മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുഗതാഗതം റദ്ദാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ ദളിതര്‍ ഉളള പഞ്ചാബ് കനത്ത ജാഗ്രതയിലാണ്. സൈന്യവും പാരമിലിറ്ററി ഫോഴ്‌സും സംസ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

പഞ്ചാബിലെ കപുര്‍ത്തലയിലെ സുഭാന്‍പുറില്‍ പ്രതിഷേധക്കാര്‍ ജലന്തര്‍-അമൃത്സര്‍ ദേശീയപാതയും ഹോഷിയാപുറില്‍ പാണ്ഡ്യ ബൈപ്പാസും ഉപരോധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പഞ്ചാബില്‍ 10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു. സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണു സിബിഎസ്ഇ പരീക്ഷ മാറ്റിയത്.

ബിഹാറിലും ഒഡീഷയിലും പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ചു. വിവിധ ദളിത് സംഘടനകള്‍ക്കൊപ്പം സിപിഐഎംഎല്‍ പ്രവര്‍ത്തകരും ബിഹാറില്‍ പ്രതിഷേധത്തിനിറങ്ങി. ഗുജറാത്തില്‍ അഹമ്മദാബാദിലും പ്രതിഷേധത്തിനിടെ അക്രമം ഉണ്ടായി.