കോടതി വിധി പട്ടിക ജാതി, പട്ടിക വര്‍ഗത്തിന് എതിരല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോടതി വിധി പട്ടിക ജാതി, പട്ടിക വര്‍ഗത്തിന് എതിരല്ലെന്ന് സുപ്രീംകോടതി. നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് നിര്‍ദേശം നല്‍കിയത്. പരാതിയുടെ വിശ്വാസ്യത ആദ്യം പരിഗണിക്കുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീം കോടതി ചോദിച്ചു.

അതേസമയം, കോടതി വിധി തെറ്റിദ്ധാരണ ഉണ്ടാക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ ആരോപിച്ചു.

രാജ്യമെമ്പാടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ പ്രതിപക്ഷ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര നിയമ മന്ത്രാലയം സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുകയായിരുന്നു . പഞ്ചാബില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിന്റെ ഭാഗമായി അമൃത്സറിലും സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചതായി കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പട്ടികജാതി/വര്‍ഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കേസില്‍ കുടുക്കി ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെയായിരുന്നു ദലിതര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. വ്യക്തമായ തെളിവുകളില്ലാത്തതും പ്രത്യക്ഷത്തില്‍തന്നെ നിലനില്‍ക്കുന്നതല്ലെന്നു ബോധ്യമുള്ളതുമായ കേസുകളില്‍ ഉടന്‍ അറസ്റ്റ് നിബന്ധന ബാധകമല്ല. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കരുത്. ഉടന്‍ അറസ്റ്റെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഒട്ടേറെ നിരപരാധികളെ കുടുക്കിയതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.