ലോകശ്രദ്ധയാകര്‍ഷിച്ച് സൗദി കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനം

റിയാദ്: ലോകശ്രദ്ധയാകര്‍ഷിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനം. ഒരു ഹോട്ടല്‍ മുഴുവന്‍ വാടകയ്ക്ക് എടുത്ത് അദ്ദേഹം ഹോളിവുഡ് താരങ്ങളെപ്പോലും ഞെട്ടിച്ച് കളഞ്ഞു. ലോസ് ആഞ്ചല്‍സിലെ ബവേര്‍ലി ഹില്‍സിലുള്ള ഫോണ്‍ സീസണ്‍സ് ഹോട്ടലാണ് സൗദി കിരീടാവകാശി പൂര്‍ണമായും വാടകയ്ക്ക് എടുത്തത്.

അമേരിക്കയിലെ തന്നെ ഏറ്റവും വിലയേറിയ ഹോട്ടല്‍. ഹോളിവുഡ് താരങ്ങളുടെയും അതിസമ്പന്നരുടെയും പ്രിയ വാസസ്ഥലം. എന്നാല്‍ ഹോളിവുഡിലെ വലിയ താരങ്ങളില്‍ പലരും ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഒരു മുറി പോലും ഒഴിവില്ലെന്നാണ് കിട്ടിയ വിവരം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനം കഴിയുന്നത് വരെ ഹോട്ടലില്‍ ഒഴിവുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

16 നിലകളുള്ള അത്യാഡംബര ഹോട്ടലാണിത്. 285 വിശാലമായ സ്യൂട്ട് റൂമുകളുണ്ട്. 185 ഗസ്റ്റ് റൂമുകളും 100 ആഡംബര മുറികളുമുള്ള ഹോട്ടലില്‍ ഒരു രാത്രിക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 625 ഡോളറാണ്. സൗദിക്കാര്‍ താമസിക്കുന്ന മുറികളുടെ വാടക ഒരു രാത്രിക്ക് 10000 ഡോളര്‍ വരും. രാജകുമാരന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹോട്ടലിലെ പല ബോര്‍ഡുകളും ഭാഷ മാറ്റിയിട്ടുണ്ട്. മൊത്തമായി ഇംഗ്ലീഷിലുള്ള ബോര്‍ഡുകള്‍ മാറ്റി അറബി കൂടി ഉള്‍പ്പെടുത്തി.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍വാര്‍ത്താ പ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്.