തമിഴ്‌നാട്ടില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ബന്ദ്

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്. ഡിഎംകെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിഎംകെയ്ക്ക് പിന്തുണയുമായി മറ്റുപാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

ഡിഎംകെ, കോണ്‍ഗ്രസ്, മുസ്ലീംലീഗ്, എംഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് ആഹ്വാനം ചെയ്ത ബന്ദിന് കര്‍ഷകസംഘങ്ങളും വ്യാപാരികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ്, റെയില്‍ ഗതാഗതം തടസപ്പെടും. ബസ് സര്‍വീസ് നടത്തില്ലെന്ന് കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് രാത്രി സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ ഇരു സംസ്ഥാനങ്ങളും പിന്‍വലിച്ചിട്ടുണ്ട്.

ജെല്ലിക്കട്ട് മോഡല്‍ പ്രതിഷേധം നടത്തി പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

അതേസമയം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണം ആവശ്യപ്പെടുന്ന തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ ഇന്ന് കന്നഡ സംഘടനകളും പ്രതിഷേധിക്കും. തമിഴ്‌നാട് അതിര്‍ത്തിയായ അത്തിബലെയിലേക്ക് സംഘനകള്‍ മാര്‍ച്ച് നടത്തും. ഇവിടെ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. തമിഴ്‌നാട് ബന്ദില്‍ അക്രമസാധ്യത കണക്കിലെടുത്തു അവിടേക്കുള്ള മുഴുവന്‍ സര്‍വീസുകളും കര്‍ണാടക ആര്‍.ടി.സി റദ്ദാക്കി.