പാമ്പും കീരിയും പൂച്ചയും പട്ടിയും വരെ ഒന്നിച്ചു; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

മുംബൈ: ബിജെപിയുടെ സ്ഥാപക ദിനത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രളയം വരുമ്പോള്‍ സ്വയരക്ഷയുടെ ഭാഗമായി മൃഗങ്ങള്‍ ചെയ്യുന്നതു പോലെ മോദിയെ പേടിച്ച് പട്ടിയും പൂച്ചയും കീരിയും വരെ ഒന്നിച്ചുവെന്നാണ് മുംബൈയില്‍ നടന്ന ബിജെപിയുടെ 38-ാമത് സ്ഥാപക ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ പ്രസംഗിച്ചത്.ബിജെപിയെ ഭരണത്തില്‍ നിന്നകറ്റാന്‍ പുതിയ സഖ്യമുണ്ടാക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ മോശം പദപ്രയോഗങ്ങളുപയോഗിച്ചാണ് അമിത് ഷാ പരാമര്‍ശിച്ചത്. ‘എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കണമെന്നാണ് ഇപ്പോഴത്തെ പ്രചാരണം. വെള്ളപ്പൊക്കം ഉണ്ടായാല്‍ പാമ്പുകളും കീരികളും പൂച്ചകളും നായകളും എന്തിനു ചീറ്റപ്പുലിയും സിംഹവും വരെ ഉയരമുള്ള മരത്തില്‍ വലിഞ്ഞുകയറും. ജലനിരപ്പു കൂടി ജീവന്‍ നഷ്ടപ്പെടുമെന്ന പേടിയിലാണിത്. മോദി പ്രളയത്തെ പലരും ഭയക്കുന്നു’ 2019ലെ പൊതുതിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിനെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു. മോദി തരംഗത്തെ ഭയപ്പെട്ടു വിവിധ പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികള്‍ ഒരുമിക്കുന്നുവെന്നേ ഉദ്ദേശിച്ചുള്ളൂവെന്നു ഷാ പിന്നീട് വിശദീകരിച്ചു.

ബിജെപിയുടെ സുവര്‍ണ്ണയുഗം ഇതല്ല. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി സര്‍ക്കാര്‍ രൂപീകൃതമായാല്‍ മാത്രമേ ബിജെപിയുടെ സുവര്‍ണ്ണയുഗം ആരംഭിക്കുകയുള്ളൂ. മോദിയുടെ പ്രഭാവത്തിന് ഇടിവുണ്ടായിട്ടില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു വിജയം ഇതിന്റെ തെളിവാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന നിരവധി കാര്യങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പൊള്ളയായ ഉറപ്പുകള്‍ നല്‍കിയല്ല, കഴിഞ്ഞ നാലു വര്‍ഷത്തെ പ്രവൃത്തി ചൂണ്ടിക്കാട്ടിയാണു പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുക’ ഷാ പറഞ്ഞു.

‘മോദിയുടെ നേതൃത്വത്തെ ജനം വിശ്വസിക്കുന്നു. 2019ല്‍ പാര്‍ട്ടി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി അധികാരത്തില്‍ തുടരും. 20 സംസ്ഥാനങ്ങളും കേന്ദ്രവും ബിജെപിയാണു ഭരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാണിത്. ഏറ്റവും അംഗങ്ങളുള്ള പാര്‍ട്ടി. വെറും പത്ത് അംഗങ്ങളെ വെച്ച് തുടങ്ങിയ പാര്‍ട്ടിയാണ് ബിജെപിയെന്നും ഇപ്പോള്‍ 11 കോടി അംഗങ്ങളുണ്ടെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പുതിയ വികസന പാതയിലാണെന്നും’ അമിത് ഷാ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരായ ദലിത് പ്രക്ഷോഭത്തിനു കാരണമായ, പട്ടികവിഭാഗ പീഡന നിരോധന നിയമത്തിലെ അറസ്റ്റ് വ്യവസ്ഥ ഉദാരമാക്കിയ സുപ്രീംകോടതി വിധിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. രാഹുലും പവാറും ഇത് കേള്‍ക്കണം. ഞങ്ങള്‍ ഒരിക്കലും സംവരണ നയം അവസാനിപ്പിക്കില്ല. ഇനി നിങ്ങള്‍ അങ്ങനെ ആഗ്രഹിച്ചാല്‍ പോലും ബിജെപി അത് അനുവദിക്കില്ല’, അമിത് ഷാ പറഞ്ഞു. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം ഞങ്ങള്‍ തകര്‍ക്കുകയാണെന്നാണ് രാഹുല്‍ഗാന്ധിയും മറ്റും പറയുന്നത്. സംവരണ നയം ഞങ്ങള്‍ ഒരു കാരണവശാലും തകര്‍ക്കില്ല, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു പ്രവര്‍ത്തകരെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ബിജെപി സ്ഥാപക ദിനം വിപുലമായി ആഘോഷിക്കുന്നത്. മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ എംഎംആര്‍ഡിഎ മൈതാനിയിലാണു ചടങ്ങുകള്‍. അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. മൂന്നു ലക്ഷത്തിലധികം പ്രവര്‍ത്തകരാണ് പങ്കെടുത്തതെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.