വിവാഹം കഴിഞ്ഞു വന്ന വിവാഹ നിശ്ചയ വീഡിയോ

നടന്‍ നീരജ് മാധവിന്റെ വിവാഹം കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് വിവാഹ നിശ്ചയ വീഡിയോ ആണ്. കഴിഞ്ഞ ദിവസമാണ് വിവാഹ നിശ്ചയത്തിന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറങ്ങിയത്. വിവാഹ വീഡിയോ ഉടന്‍ തന്നെ എത്തുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.

കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. പാരമ്പര്യ ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. കൊച്ചിയില്‍ നടന്ന റിസപ്ഷനില്‍ മഞ്ജു വാര്യര്‍, മമ്മൂട്ടി, മേജര്‍ രവി, രഞ്ജിത്ത് തുടങ്ങിയ നിരവധി താരങ്ങള്‍ പങ്കെടുത്തു. റിസപ്ഷന്റെയും വിവാഹത്തിന്റെയും വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

വിവാഹത്തിന് മുന്‍പ് തന്നെ തന്റെ സ്വപ്ന വാഹനമായ ബിഎംഡബ്ല്യു എക്‌സ് വണ്‍ നീരജ് മാധവ് തന്റെ ഗ്യാരേജില്‍ എത്തിച്ചിരുന്നു. വളരെ വിദൂരമെന്ന് കരുതിയിരുന്ന ഈ കറുത്ത ചെകുത്താനെ സ്വന്തമാക്കിയ സന്തോഷ വാര്‍ത്ത നീരജ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. പൂജ്യത്തില്‍ നിന്നും തുടങ്ങിയ തന്നെ ഇതുവരെ എത്താന്‍ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും നീരജ് പറഞ്ഞു.

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ എക്‌സ് എവി വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യു എക്‌സ് 1ന്റെ എക്‌സ് ഷോറൂം വില 32 മുതല്‍ 42 ലക്ഷം വരെയാണ്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 188 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും നല്‍കും. 8 സ്പീഡ് സ്‌ടെപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 219 കിലോ മീറ്ററാണ്. പൂജ്യത്തില്‍ നിന്നും 100 കിലോ മീറ്ററിലെത്താന്‍ വെറും 7.8 സെക്കന്‍ഡ് മതിയാകും.

2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന്‍ ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി. ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു.