കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്ല് ഗവര്‍ണര്‍ തിരിച്ചയച്ചു

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്ല് ഗവര്‍ണര്‍ തള്ളി. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന പ്രത്യേകാധികാരം വെച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു . ഭരണഘടനയുടെ 200ാം അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി.

വിത്ത് ഹോള്‍ഡ് എന്ന് രേഖപ്പെടുത്തിയാണ് ഗവര്‍ണര്‍ ബില്ല് തിരിച്ചയച്ചത്. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കുറിപ്പും ഉണ്ടായിരുന്നു. കുറിപ്പോടെയാണ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നത്. ബില്‍ ‘നിയമപരമായി നിലനില്‍ക്കുമോ എന്നകാര്യത്തില്‍ സംശയമുണ്ട്’ എന്ന കുറിപ്പായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റേത്. കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതി വിമര്‍ശം ഉന്നയിച്ചിരുന്നു.

കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളെജുകളിലെ എംബിബിഎസ് പ്രവേശനം ക്രമപ്പെടുത്താൻ നിയമസഭ പാസാക്കിയ വിവാദ ബിൽ ഗവര്‍ണര്‍ക്ക് ഇന്നലെ  സമര്‍പ്പിച്ചെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ ഇന്നാണ്  നിയമ സെക്രട്ടറി രാജ്ഭവനിലെത്തി ബില്‍ സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ നിയമസെക്രട്ടറിയോട് ഗവര്‍ണര്‍ വാക്കാല്‍ വിശദീകരണം തേടിയിരുന്നു.

ഈ സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണര്‍ തിരിച്ചയക്കുന്ന രണ്ടാമത്തെ ബില്ലാണ് ഇത്. മുന്‍പ് മാരിടേം ബില്ലും തിരിച്ചയച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് പാസാക്കിയ ബില്ലാണ് മാരിടേം. എല്‍ഡിഎഫിന്റെ ഭരണകാലത്ത് തിരിച്ചയക്കുകയായിരുന്നു.