പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ശ്രീജിത്തിന്റെ സഹോദരന്‍ സജിത്; ശ്രീജിത്തിന് വെള്ളം നല്‍കാന്‍ പോലും എസ്‌ഐ സമ്മതിച്ചില്ലെന്ന് അമ്മ

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ ശ്രീജിത്തിന്റെ സഹോദരന്റെ വെളിപ്പെടുത്തല്‍. പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ശ്രീജിത്തിന്റെ സഹോദരന്‍ സജിത് പറഞ്ഞു. തന്നെയും ശ്രീജിത്തിനെയും മാറിമാറി മര്‍ദ്ദിച്ചു. വരാപ്പുഴ എസ്‌ഐ ദീപക്കിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. സ്റ്റേഷന് പുറത്ത് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും മര്‍ദ്ദിച്ചുവെന്നും സജിത് പറഞ്ഞു. ശ്രീജിത്തിനെയും സജിത്തിനെയും പൊലീസ് വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു.

വാസുദേവന്റെ വീട് ആക്രമിച്ച സംഭവത്തില്‍ താനും ശ്രീജിത്തും ഉണ്ടായിരുന്നില്ലെന്ന് സജിത് പറഞ്ഞു. വീട്ടിലും പൊലീസ് വാഹനത്തിലും സ്റ്റേഷനിലും മര്‍ദ്ദനത്തിന് ഇരയായി. പൊലീസ് വാഹനത്തില്‍ നിലത്തിട്ട് ചവിട്ടി.സ്റ്റേഷനിലെത്തിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു. നിലവിളിച്ചിട്ടും വിട്ടില്ല.

ശ്രീജിത്തിന് വെള്ളം നല്‍കാന്‍ പോലും എസ്‌ഐ സമ്മതിച്ചില്ലെന്ന് അമ്മ ശ്യാമള പറഞ്ഞു. ആശുപത്രിയില്‍ വെച്ച് എസ്‌ഐ ദീപക് ക്രൂരമായിട്ടാണ് പെരുമാറിയതെന്നും ശ്യാമള പറഞ്ഞു