വരാപ്പുഴ കസ്റ്റഡി മരണം; മൊഴി നല്‍കിയെന്ന് പരമേശ്വരന്‍ മാറ്റിപ്പറഞ്ഞത് പാര്‍ട്ടി സമ്മര്‍ദ്ദം മൂലമെന്ന് മകന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വസുദേവനെ ആക്രമിച്ച് ശ്രീജിത്ത് അടക്കമുള്ള സംഘമെന്ന് മൊഴി നല്‍കാനും സമ്മര്‍ദ്ദമുണ്ടായതായി മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിലപാട് തള്ളി മകന്‍ ശരത് രംഗത്തെത്തി. പരമേശ്വരന്‍ ശ്രീജിത്തിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് മകന്‍ പറഞ്ഞു. മൊഴി നല്‍കിയെന്ന് പരമേശ്വരന്‍ മാറ്റിപ്പറഞ്ഞത് പാര്‍ട്ടി സമ്മര്‍ദ്ദം മൂലമാണെന്നും സിപിഐഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ വീട്ടില്‍ വെച്ച് സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് വെളിപ്പെടുത്തല്‍. പാര്‍ട്ടിയും സര്‍ക്കാരും ഏറെ പ്രതിരോധത്തിലായ കസ്റ്റഡി മരണത്തില്‍ വ്യാജ തെളിവുണ്ടാക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട തെളിവുകളാണ് ഇതോടെ വെളിച്ചത്ത് വരുന്നത്.

മരിച്ച ശ്രീജിത്ത് വാസുദേവന്റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്ന കേസിലെ പോലീസ് സാക്ഷി പരമേശ്വരന്റെ നിര്‍ണായക വെളിപ്പെടുത്തലും ഇന്നലെ പുറത്തുവന്നിരുന്നു. ശ്രീജിത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയുന്ന ചിലര്‍ ചേര്‍ന്നാണ് വാസുദേവന്റെ വീടാക്രമിച്ചതായി പരമേശ്വരന്‍ മൊഴി നല്‍കിയതായാണ് പോലീസിന്റെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തന്നില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടില്ലെന്നുമാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ പരമേശ്വരന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നു.