മാനവരാശിയുടെ വിമോചന ദൗത്യം ഏറ്റെടുക്കുന്നവര്‍ ദൈവീക പദ്ധതിയില്‍ പങ്കാളികളാകണം: മാര്‍ ഫിലക്‌സിനോസ്

ഡിട്രോയ്റ്റ് :  മാനവരാശിയുടെ വിമോചന ദൗത്യം ഏറ്റെടുക്കുന്നവര്‍ ദൈവീക പദ്ധതിയില്‍ പങ്കാളികളാകുകയാണെന്നും ഇവര്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിലേക്ക് യാത്ര ചെയ്യുന്നവരാണെന്നും ഈ യാത്ര നിത്യതയിലേക്ക് എത്തിച്ചേരുന്ന ദൈവീക പദ്ധതിയുടെ പൂര്‍ത്തീകരണമാണെന്നും നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ പറഞ്ഞു. ഡിട്രോയ്റ്റ് മര്‍ത്തോമാ ഇടവകയുടെ നാല്‍പ്പത്തി ഒന്നാം ഇടവക ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എപ്പിസ്‌കോപ്പാ.
രാവിലെ എപ്പിസ്‌കോപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ 12 കുട്ടികള്‍ ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ച് സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു.
ഡിട്രോയ്റ്റ് മര്‍ത്തോമാ ഇടവകയുടെ വളര്‍ച്ചയില്‍ ശക്തി ശ്രോതസുകളായി നിലനിന്ന സീനിയര്‍ അംഗങ്ങളെ എപ്പിസ്‌കോപ്പാ പ്രത്യേകം അഭിനന്ദിച്ചു. മുതിര്‍ന്ന അംഗങ്ങളുടെ ത്യാഗവും സമര്‍പ്പണ മനോഭാവവുമാണ് ഇന്നത്തെ നിലയിലേക്ക് ഇടവക എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും എപ്പിസ്‌കോപ്പാ അഭിപ്രായപ്പെട്ടു. സീനിയര്‍ അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ഇവര്‍ക്ക് പൊന്നാടയും ഫലകവും നല്‍കി. സീനിയര്‍ അംഗങ്ങളുടെ ഉപദേശങ്ങളും മാതൃകകളും പിന്തുടര്‍ന്ന് പുതിയ തലമുറ ഇതേ പന്ഥാവില്‍ മുന്നേറണമെന്ന് എപ്പിസ്‌കോപ്പാ ഉദ്‌ബോധിപ്പിച്ചു.
വികാരി റവ. ജോജി ഉമ്മന്‍ സ്വാഗതപ്രസംഗം നടത്തി. റവ. പി. ചാക്കോ, റവ. ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ഇടവക സെക്രട്ടറി അലന്‍ ജി. ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എപ്പിസ്‌കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന തിരുമേനിക്ക് ഇടവകയുടെ ഉപഹാരം ട്രസ്റ്റിമാരായ ജോസഫ് ചാക്കോ, ഷാജി തോമസ് എന്നിവര്‍ നല്‍കി. പാരീഷ് വൈസ് പ്രസിഡന്റ് കൃതജ്ഞത രേഖപ്പെടുത്തി. സ്‌നേഹ വിരുന്നോടെ ഇടവകദിനാഘോഷങ്ങള്‍ സമാപിച്ചു.