മോഹന്‍ലാല്‍ പ്രതിഫലം ഇല്ലാതെയാണ് പുലിമുരുകനില്‍ അഭിനയിച്ചത്

മോഹന്‍ലാല്‍ നായകനായെത്തിയ ഫ്‌ളാഷ് എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് ടോമിച്ചന്‍ മുളകുപാടം മലയാള സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നത്. 2007ലായിരുന്നു ഫ്‌ളാഷ് റിലീസ് ചെയ്തത്. പിന്നീട് നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചെങ്കിലും പുലിമുരുകന്‍ എന്ന സിനിമയാണ് മുളകുപാടം ഫിലിംസ് എന്ന ബാനറിന് ഏറെ പ്രശസ്തി നേടികൊടുത്തത്.

പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസ് നിര്‍മ്മിച്ച സിനിമയായിരുന്നു രാമലീല. രാമലീലയുടെ വിജയാഘോഷം കഴിഞ്ഞ ദിവസമായിരുന്നു നടത്തിയത്. ചടങ്ങില്‍ മോഹന്‍ലാലിനെക്കുറിച്ച് ആരുമറിയാത്ത കാര്യം നിര്‍മ്മാതാവ് വെളിപ്പെടുത്തി. പുലിമുരുകന്‍ സിനിമ മോഹന്‍ലാല്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയാണെന്നാണ് ടോമിച്ചന്‍ പറഞ്ഞത്.

പുലിമുരുകന്‍ സിനിമ എടുക്കുന്ന സമയത്ത് ഷൂട്ടിംഗ് നൂറ് ദിവസം വരെ കഴിഞ്ഞപ്പോള്‍ സിനിമാ മേഖലയിലെ സംസാരം പല തരത്തിലായിരുന്നു. ഇവനെന്തോ സുഖമില്ലാത്തവനാണെന്നും കാശ് പോയിക്കൊണ്ടിരിക്കുകയാണെന്നും ഈ സിനിമ പുറത്തിറങ്ങാന്‍ പോകുന്നില്ലെന്നുമടക്കം പറഞ്ഞവരുണ്ട്. 2007 ല്‍ ഫല്‍ഷ് എന്ന സിനിമ തുടങ്ങുമ്പോള്‍ മുതല്‍ തനിക്ക് ആന്റണിയെ പരിചയമുണ്ടെന്നും ഇന്നും ഒരു കുടുംബാംഗമായി തന്നെയാണ് പോകുന്നത്. ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ആന്റണി ചോദിക്കുമായിരുന്നുവെന്നും ടോമിച്ചന്‍ പറയുന്നു.

ഉദ്ദേശിച്ച ബജറ്റിനെക്കാളും മൂന്നിരട്ടി ചെലവായ സിനിമയാണ് പുലിമുരുകന്‍. സാമ്പത്തികമായി സപ്പോര്‍ട്ട് ചെയ്തത് ആന്റണിയും ലാല്‍ സാറുമായിരുന്നു. സിനിമയുടെ പ്രതിഫലം ലാല്‍ സാറിന് കൊടുത്തത് സിനിമ പുറത്തിറങ്ങി 25 ദിവസം കഴിഞ്ഞിട്ടായിരുന്നു. ഇക്കാര്യം ആരും വിശ്വസിക്കില്ല. കൂടാതെ 200 ദിവസത്തോളം ലാല്‍ സാര്‍ സിനിമയില്‍ അഭിനയിച്ചിരുന്നെന്നും ടോമിച്ചന്‍ വെളിപ്പെടുത്തി.