കൊന്നത് നിങ്ങൾ ആകുന്നു , തിന്നത് നിങ്ങൾ ആകുന്നു

ഷിബു ഗോപാലകൃഷ്ണൻ

വടക്കുവടക്കൊരു ദേശത്ത്
കാശ്മീർ എന്നൊരു താഴ്വാരത്ത്
കുതിരയ്ക്കു തീറ്റകൊടുക്കാനായ്
കാട്ടിൽ പോയൊരു നേരത്ത്
വീട്ടാരില്ലാ നേരത്ത്
കൂട്ടാരില്ലാ നേരത്ത്
ആസിഫയെന്നൊരു പിഞ്ചോമനയെ
കാട്ടാന പിടിക്കാൻ വന്നില്ല
കരിമ്പുലി തിന്നാൻ വന്നില്ല
കാറും മഴയും വന്നില്ല
വന്നത് ആരെന്നറിയാമോ
തിന്നത് ആരെന്നറിയാമോ
കൊന്നത് ആരെന്നറിയാമോ
എട്ടും പൊട്ടും തിരിയാത്തവളെ
എട്ടിതളുള്ളൊരു പാവംകുഞ്ഞിനെ
പാതിവിരിഞ്ഞൊരു കുഞ്ഞിപ്പൂവിനെ
ഊഴം വച്ചവർ തിന്നുമ്പോൾ
പിന്നേം പിന്നേം തിന്നുമ്പോൾ
മതിവരുവോളം തിന്നുമ്പോൾ
സംഘം ചേർന്നവർ തിന്നുമ്പോൾ
എട്ടുദിനങ്ങൾ കഴിയുമ്പോൾ
ദൈവം കണ്ണ് തുറന്നില്ല
ദൈവം വായ തുറന്നില്ല
അരുതേയെന്നു പറഞ്ഞില്ല
അവളുടെ നിലവിളി കേട്ടില്ല
സംഘം ചേർന്നവർ നീങ്ങുന്നു
തെരുവിൽ ഒത്തുകളിക്കുന്നു
ഒത്തുകളിച്ചവർ നീങ്ങുന്നു
കൊന്നാൽ പാപം തീരില്ല
തിന്നാൽ പാപം തീരില്ല
ഒത്തുകളിച്ചോ സൂക്ഷിച്ചോ
കൊന്നത് നിങ്ങൾ ആകുന്നു
തിന്നത് നിങ്ങൾ ആകുന്നു
ഓർത്തുകളിച്ചോ സൂക്ഷിച്ചോ