കത്വ ബലാത്സംഗക്കേസ് സുപ്രീംകോടതിയിലേക്ക്; കേസ് ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

ശ്രീനഗര്‍: കത്വയില്‍ എട്ട് വയസുകരിയായ പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്തിയ കേസ് സുപ്രീംകോടതിയിലേക്ക്. കേസ് ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം.

കത്വ  പ്രതികളെ പിന്തുണച്ച് റാലിയില്‍ പങ്കെടുത്തത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമെന്ന് മുന്‍മന്ത്രി ചന്ദര്‍പ്രകാശ് ഗംഗ വെളിപ്പെടുത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മയുടെ നിര്‍ദേശപ്രകാരമാണ് പ്രതികളെ അനുകൂലിച്ച് പ്രസംഗിച്ചതെന്നും ഹിന്ദു ഏകതാ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്തതെന്നും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ചന്ദര്‍പ്രകാശ് ഗംഗ പറഞ്ഞിരുന്നു

പ്രതികളെ പിന്തുണച്ചത് ബിജെപി മന്ത്രിമാര്‍ക്ക് സംഭവിച്ച വ്യക്തിപരമായ വീഴ്ച മാത്രമെന്ന് ജനറല്‍ സെക്രട്ടറി രാം മാധവിന്റെ വിശദീകരണത്തിന് പിന്നാലെയാണ് ആരോപണ വിധേയനായ മുന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍. രാജിവയ്ക്കാനുളള തീരുമാനം മന്ത്രിമാര്‍ സ്വയം എടുത്തതാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി  രാംമാധവ്  ഇന്നലെ പറഞ്ഞിരുന്നു. രണ്ട് മന്ത്രിമാര്‍ പ്രകടനത്തില്‍ പങ്കെടുത്തത് സംഘര്‍ഷം ഒഴിവാക്കാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജനുവരി 10 നാണ് കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ് മുഹമ്മദ് യൂസഫ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി.

ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചു. ഇതിനിടയിലുള്ള ദിവസങ്ങളില്‍ പിന്നീട് ക്രൈംബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്ത ദീപക് ഖജൂരിയ അടങ്ങുന്ന ഹീരാനഗര്‍‌സ്റ്റേഷനിലെ പ്രത്യേക പോലീസ് സംഘം തന്നെയാണ് പെണ്‍കുട്ടിയെ അന്വേഷിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊല്ലപ്പെടുന്നതിനു മുമ്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കുഞ്ഞിനെ മൂന്നു വട്ടം കൂട്ടബലാത്സംഗം ചെയ്തതെന്നും ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ അതിവേഗ കോടതി സ്ഥാപിച്ച് 90ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫത്തി ചീഫ് ജസ്റ്റിസിന് കത്തയിച്ചിരുന്നു