ലിംഗം കൊണ്ട് ചിന്തിക്കുന്നവർ , ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവർ; ദുർഗ മാലതി സംസാരിക്കുന്നു

തയ്യാറാക്കിയത് : സുനിത ദേവദാസ്

ആസിഫയെ ആർ എസ് എസുകാർ ക്ഷേത്രത്തിനകത്തു വച്ച്‌ ബലാൽസംഗം ചെയ്തു കൊന്നപ്പോൾ ചിത്രകാരിയായ ദുര്ഗ മാലതി ദുർഗ മാലതി അതിനോട് പ്രതികരിച്ചത് ചിത്രം വരച്ചു തന്നെയാണ് . അതിന്റെ പേരിൽ ദുര്ഗ സൈബറിടത്തിൽ ക്രൂരമായ സൈബർ റേപ്പിനു വിധേയമായിക്കൊണ്ടിരിക്കുകയാണ് .
ദുര്ഗ താൻ വരച്ച ചിത്രത്തെ കുറിച്ചും അത് വരക്കാനിടയായ സാഹചര്യത്തെ കുറിച്ചും സംസാരിക്കുന്നു .

ചോദ്യം : ഇപ്പോൾ ആർ എസ് എസുകാർ പറയുന്നത് ദുര്ഗ ഹിന്ദു മതത്തെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്നാണല്ലോ . ദുർഗക്ക് എന്താണ് പറയാനുള്ളത് ?

ഉത്തരം : കുട്ടിയെ ലിംഗത്തിൽ കെട്ടിയിട്ട പോലുള്ള ഒരു ചിത്രം കൊണ്ട് ഞാനുദ്ദേശിച്ചത് ഈ ബലാൽസംഘത്തെയും ബലാൽസംഘികളേയും സപ്പോർട്ട് ചെയ്യുന്നവരും ആ കുറ്റകൃത്യം ചെയ്തവരും തലച്ചോറ് കൊണ്ട് ചിന്തിക്കുന്നവരല്ല എന്ന് തന്നെയാണ് . അവർ ചിന്തിക്കുന്നത് ലിംഗം കൊണ്ട് തന്നെയാണ് .

രണ്ടാമത്തെ ചിത്രം ആർ എസ് എസുകാർ പറയുന്നത് പോലെ ത്രിശൂലമല്ല . ലിംഗം ഒരായുധമായി , ഒരു രാഷ്ട്രീയ ആയുധമായി പ്രയോഗിക്കുന്നുവെന്ന കോൺസെപ്റ്റ് ആണ് . അത് കൊണ്ടാണല്ലോ ഒരു കുഞ്ഞിനെ ആരാധനാലയത്തിനകത്തു വന്നു ബലാൽസംഗം ചെയ്തു കൊന്നു കളഞ്ഞതും , കുറ്റകൃത്യം മാസങ്ങളോളം മൂടി വച്ചതും ഇപ്പോൾ ആ കുടുമ്പത്തെ പിറന്ന മണ്ണിൽ നിന്നും പലായനം ചെയ്യിപ്പിച്ചതും .

ശിവലിംഗമല്ല അത് . ദൈവവുമല്ല . മറിച്ചു ആരാധനാലയത്തിനകത്തു വച്ച് ഒരു കുഞ്ഞിനെ കൊല്ലാൻ ലിംഗം ആയുധമാക്കിയവരെക്കുറിച്ചുള്ള എന്റെ പ്രതിഷേധമാണ് ആ ചിത്രങ്ങൾ . അതിലുള്ള കുറി ദൈവത്തെയല്ല സൂചിപ്പിക്കുന്നത് . അത് സൂചിപ്പിക്കുന്നത് ബ്രാഹ്മണ്യത്തെയാണ് .

ചിത്രം വരച്ചത് ഇതാണെന്നു വിവരിച്ചു കൂടി കൊടുക്കേണ്ടി വരുന്നതിൽ കൂടുതൽ എന്ത് ദുർഗതിയാണ് ഒരു ചിത്രകാരിക്ക് വരാനുള്ളത് ?

ആ ചിത്രത്തിന്റെ മുകളിൽ ഞാൻ വ്യക്തമായി എഴുതിയിരുന്നു “ലിംഗം കൊണ്ട് ചിന്തിക്കുന്നവർ , ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവർ , ലിംഗം കൊണ്ട് പ്രാര്ഥിക്കുന്നവർ , അവരുടേതും കൂടിയാണ് ഭാരതം . ഇങ്ങനെ പോയാൽ അവരുടേത് മാത്രമാവും എന്ന് ” അത് ഈ വിമർശിക്കുന്നവർ വായിച്ചതായി പോലും കാണുന്നില്ല . അവർ ആകെ കണ്ടത് ശിവലിംഗമാണ് . എനിക്കെന്തു ചെയ്യാൻ കഴിയും ?

ചോദ്യം : ദുർഗ്ഗയുടെ മതവിശ്വാസവും രാഷ്ട്രീയ കാഴ്ചപ്പാടും എന്താണ് ?

ഉത്തരം : ഞാൻ ജനിച്ചത് ഹിന്ദുവായിട്ടാണ് . ദുർഗാ ദേവി ക്ഷേത്രമുള്ള തറവാട്ടിലാണ് താമസവും . എന്നാൽ എല്ലാ ഹിന്ദുക്കളും ആർ എസ് എസുകാർ അല്ലല്ലോ . എന്നാൽ എല്ലാ ആർ എസ് എസുകാരും ഹിന്ദുക്കളാവുകയും ചെയ്തു . അവർ ഇപ്പൊ ഹിന്ദു മതത്തിന്റെയും ദൈവങ്ങളുടെയും അവകാശം മൊത്തമായി അവകാശപ്പെടുകയാണ് .
തിരക്കുള്ള ക്ഷേത്രങ്ങളിലൊന്നും പോകുന്നത് താല്പര്യമില്ലെങ്കിലും ചെറിയ ചെറിയ ശാന്തമായ അമ്പലങ്ങളിലൊക്കെ അനുഭവപ്പെടുന്ന ഒരു പോസിറ്റീവ് എനർജിയിൽ എനിക്കും ഇഷ്ടമുണ്ട് .

എന്നാൽ എന്റെ വരയിൽ എല്ലാ ബിംബങ്ങളും കടന്നു വരാറുണ്ട് .
അടിസ്ഥാനപരമായി ലെഫ്റ്റ് സോഷ്യലിസ്റ് കാഴ്ചപ്പാടുള്ള രാഷ്ട്രീയ ഭൂമികയിലാണ് ഞാൻ നിൽക്കുന്നത് .

ചോദ്യം : ദുർഗ പലപ്പോഴും ആനുകാലിക വിഷയങ്ങളോട് പ്രതികരിക്കുന്നത് വരയിലൂടെയാണല്ലോ . എങ്ങനെയാണു ആശയം രൂപപ്പെടുന്നതും അവ ചിത്രങ്ങളായി മാറുന്നതും ?

ഉത്തരം : ഞാൻ ചിത്രം വര പഠിച്ചിട്ടില്ല . ആനുകാലിക വിഷയങ്ങളിലുള്ള വാർത്തകലും അല്ലാത്തവയും ഒക്കെ വായിക്കും . വായനയിൽ നിന്നാണ് ആശയങ്ങൾ രൂപപ്പെടുന്നത് . മനസ്സിൽ തട്ടുന്ന കാര്യങ്ങളാണ് വരക്കുന്നത് . ജീവിതാനുഭവമോ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളോ ആനുകാലിക വിഷയങ്ങളോ കാണുന്നവർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്നവയോ ഒക്കെയാണ് വരക്കുന്നത് .

ചോദ്യം : ആർ എസ് എസുകാർ ഇപ്പോൾ എന്താണ് ചെയ്യുന്നത് ?

ചോദ്യം : അവർ അവരുടെ കൃത്യമായ രാഷ്ട്രീയം തന്നെയാണ് പ്രചരിപ്പിക്കുന്നതും പ്രവർത്തിക്കുന്നതും . ആനുകാലിക വിഷയങ്ങളോട് വരയിലൂടെ ശക്തമായി പ്രതികരിക്കുന്ന ചിത്രകാരി എന്ന നിലയിൽ എന്നെ ഇഷ്ടപ്പെടുന്ന കുറെ മനുഷ്യരുണ്ട് . അവരിൽ ചെറിയൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞു . ഞാൻ ഹിന്ദു മതത്തെയും ദൈവത്തെയുമാണ് അവഹേളിക്കുന്നത് എന്ന് ആർ എസ് എസുകാർ പറഞ്ഞപ്പോൾ ദൈവവിശ്വാസികളായ ചിലരെങ്കിലും അത് വിശ്വസിച്ചിട്ടുണ്ട് . അക്കൂട്ടർ കേൾക്കാനാണ് ഞാൻ ഇത് വിശദീകരിക്കുന്നത് . ലിംഗത്തെ ആയുധമാക്കി കലസൃഷികളെയും ആശയങ്ങളെയും വൈവിധ്യത്തെയും കുഴിച്ചു മൂടാനാണ് ആർ എസ് എസ് ശ്രമിക്കുന്നത് . ആശയങ്ങളെ ആശയങ്ങൾ കൊണ്ട് എതിർക്കണം . ആശയങ്ങൾ കൊണ്ട് സംവദിക്കണം . അല്ലാതെ വ്യക്തിഹത്യയിൽ എന്ത് കാര്യമാണുള്ളത് ?

മതമോ രാഷ്ട്രീയമോ നോക്കിയല്ല ഞാൻ വരക്കുന്നത് . ചുറ്റും നടക്കുന്ന കാര്യങ്ങളോട് എന്റെ ഭാഷയിൽ പ്രതികരിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത് . “ഉടലുകളുടെ രാഷ്ട്രീയം ” എന്ന ഒരു പരമ്പര തന്നെ വരയ്ക്കുന്ന എന്റെ തല നഗ്നമായ ഏതോ ഉടലിൽ മോർഫ് ചെയ്താൽ എനിക്കെന്ത് തോന്നാനാണ്‌ ?

ഈ വിഷയത്തിൽ ഇങ്ങനെ തന്നെ പ്രതികരിക്കണമെന്ന് തോന്നാൻ കാരണം ഇത് വെറുമൊരു റേപ്പ് അല്ല എന്ന പൂർണ ബോധ്യമുള്ളതു കൊണ്ടാണ് . കൃത്യമായ രാഷ്ട്രീയ അജണ്ടയുള്ള , വർഗീയമായ ഒരു കൊലപാതകമാണ് . അതിനു അവർ ആയുധമായി ഉപയോഗിച്ചത് പുരുഷ ലിംഗങ്ങളാണ് .
അതാണ് സത്യം . അത് ഞാൻ പറയാതിരുന്നത് കൊണ്ടോ വരക്കാതിരുന്നത് കൊണ്ടോ വരച്ച ചിത്രം പിൻവലിച്ചത് കൊണ്ടോ അങ്ങനല്ലാതാവുന്നില്ല .
ചിത്രം പിൻവലിക്കാൻ ഞാൻ ഒരുക്കമല്ല .

(ദുര്ഗ കഴിഞ്ഞ ഏഴു വർഷമായി വിവിധ കോളേജുകളിൽ അധ്യാപികയാണ് . കെമിസ്ട്രിയാണ് വിഷയം )

ദുർഗക്ക് പിന്തുണ . കാരണം പ്രതിഷേധം ഏതു രീതിയിലായിരുന്നുവെന്നതിനേക്കാൾ പ്രാധാന്യം ആ പ്രതിഷേധത്തിനിടയാക്കിയ സംഭവം എന്തായിരുന്നുവെന്നതിനു തന്നെയാണ് . ഒരു കുഞ്ഞിനെ അമ്പലത്തിനകത്തു വച്ച് മൃഗീയമായി ബലാൽസംഗം ചെയ്തു കൊന്നതാണ് വിഷയം . അതിനോടാണ് ദുര്ഗ ചിത്രം വരച്ചു പ്രതിഷേധിച്ചത് .
ദുർഗ്ഗയുടെ പ്രതിഷേധത്തിൽ പങ്കു ചേരുന്നു .
പിന്തുണ … സ്നേഹം