ജയലളിത അതീവ ഗുരുതരാവസ്ഥയില്‍

കേരളമുള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു
ശബരിമലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി
കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട്ടിലെ സ്ഥിതി വിലയിരുത്തുന്നു

ചെന്നൈ:

ഹൃദയാഘാതത്തെ തുടര്‍ന്ന് ഐ.സി.യുവില്‍ കഴിയുന്ന ജയലളിത അതീവ ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഉച്ചയോടെ ചെന്നൈ അപ്പോളോ ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.രാവിലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ശ്വാസകോശത്തിലെ അണുബാധയും അവസ്ഥ മോശമാക്കുന്നു.

ജയലളിത ജീവന്‍ നിലനിര്‍ത്തുന്നത് ഇസിഎംഒ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണെന്നും വിദഗ്ധസംഘം അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഹൃദയത്തിന്റെയും ശ്വാസ കോശത്തിന്റെയും പ്രവര്‍ത്തനം ശരീരത്തിനു പുറത്ത് നിന്ന് യന്ത്രസഹായത്തോടെയാണ് നിര്‍വഹിപ്പിക്കുന്നതാണ് ഇസിഎംഒ. ഹൃദയത്തിനും ശ്വാസ കോശത്തിനും വിശ്രമം നല്‍കാന്‍ വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്താറുള്ളത്. 24 മണിക്കൂറും ആന്തരിക അവയവങ്ങള്‍ക്ക് ശ്വാസം നല്‍കാന്‍ ഈ യന്ത്രത്തിന് സാധിക്കും.

medical

അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്ന് ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഹൃദയാഘാതമുണ്ടായശേഷം വെന്റ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഡല്‍ഹി എയിംസില്‍നിന്ന് നാല് വിദഗ്ധ ഡോക്ടര്‍മാര്‍ ചെന്നെയിലേക്ക് തിരിച്ചിട്ടുണ്ട്. ലണ്ടനിലെ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലിന്റെ സഹായം അപ്പോളോ ആശുപത്രി അധികൃതര്‍ തേടുന്നുണ്ട്.
ഇന്നലെ വൈകീട്ട് 5.30ഓടെയാണ് ജയലളിതക്ക് ഹൃദയാഘാതമുണ്ടായത്. നില അതീവഗുരുതരമായ ജയലളിതയെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി. ഹൃദയവും ശ്വാസകോശവും യന്ത്രത്തിന്റെ സഹായത്താലാണ് പ്രവര്‍ത്തിക്കുന്നത്. ദില്ലി എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘവും ചെന്നൈയിലെത്തും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ അടിയന്തിര മന്ത്രിസഭാ യോഗം ചേര്‍ന്നു. മുംബൈയിലായിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ ജയയുടെ തല്‍സ്ഥിതി സംബന്ധിച്ച് ആരുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. വിവരമറിഞ്ഞ് ആയിരങ്ങളാണ് അപ്പോളോ ആശുപത്രിക്ക് മുന്നില്‍ തടിച്ച് കൂടിയത്.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അപ്പോളോ ആശുപത്രിയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. 9 കമ്പനി ദ്രുത കര്‍മ്മസേനയും ബി.എസ്.എഫും ചെന്നൈയിലെത്തും. തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകളുണ്ട്. കേരളവും കര്‍ണാടകവുമടക്കമുള്ള സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ദേശീയപാതകളിലും ടോള്‍ പ്ലാസകളിലും അതിര്‍ത്തി ഗ്രാമങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശബരിമലയിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ചെന്നൈ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തിന് മുന്നില്‍ ഒരു പ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.