യെച്ചൂരിക്ക് സിപിഐയുടെ പിന്തുണ; ബിജെപിയെ തോല്‍പിക്കാന്‍ വിശാല സഖ്യം വേണമെന്ന് സുധാകര്‍ റെഡ്ഡി

കോണ്‍ഗ്രസ് സഹകരണത്തിന് സിപിഐഎം ജനറല്‍ സെക്രട്ടറി യെച്ചൂരിക്ക് സിപിഐയുടെ പിന്തുണ. ബിജെപിയെ തോല്‍പിക്കാന്‍ വിശാല സഖ്യം വേണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. സഖ്യം തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങരുതെന്നും സഹകരണത്തിന് പൊതുമിനിമം പരിപാടി വേണമെന്നും സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.

കോണ്‍ഗ്രസ് സഹകരണത്തിന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരോക്ഷ ആഹ്വാനം നടത്തിയിരുന്നു. ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് അതിന് വേദിയാകണമെന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ കരുത്താര്‍ജിക്കണം. ഇതിനായി മതേതര ശക്തികളുടെ സഹകരണവും ആവശ്യമാണ്. മോദി സര്‍ക്കാരിന് നയപരമായ ബദലാകാന്‍ സിപിഐഎമ്മിന് കഴിയുമെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി.

സിപിഐഎമ്മിന് മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. വര്‍ഗീയതയെ തോല്‍പിക്കാന്‍ ഇത് ആവശ്യമാണെന്നും വി.എസ് വ്യക്തമാക്കിയിരുന്നു. ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ട് കൂടാം. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് മാറ്റം വന്നിട്ടുണ്ടെന്നും വി.എസ് പറഞ്ഞിരുന്നു. ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് സഖ്യം ആവശ്യമില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കോണ്‍ഗ്രസ് സഹകരണത്തിനുള്ള ഒരു തീരുമാനവും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് സഹകരണത്തെചൊല്ലി നേതൃത്വത്തിലുണ്ടായ ഭിന്നതയില്‍ പാര്‍ട്ടിയിലെ പ്രബലന്മാരായ കേരള ഘടകത്തിന്റെ നിലപാട് നിര്‍ണായകമാണ്. കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ദേശീയ ഘടകങ്ങളിലേക്ക് പുതുതായി ആരെ കൊണ്ട് വരണമെന്ന ചര്‍ച്ചകളും സജീവമാകുകയാണ്.