ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പ്രതികളായ പൊലീസുകാര്‍ റിമാന്‍ഡില്‍

കൊച്ചി: വാരാപ്പുഴ കസ്റ്റഡിമര്‍ദനത്തിന് വിധേയനായി ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ മൂന്നു പൊലീസുകാര്‍ റിമാന്‍ഡില്‍. കളമശേരി എ ആര്‍ ക്യാമ്പിലെ പോലീസുകാരായ ജിതിന്‍രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡില്‍ വിട്ടത്.

എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ (ആര്‍ടിഎഫ്) അംഗങ്ങളായ മൂന്നുപേരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തത്.

എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ ബലിയാടാക്കപ്പെടുകയായിരുന്നെന്ന് ആര്‍.പിഎഫ് അംഗങ്ങള്‍ പ്രതികരിച്ചിരുന്നു. അറസ്റ്റ് പലരുടേയും മുഖം രക്ഷിക്കാനാണെന്ന് ഇവര്‍ ആരോപിച്ചു. ആര്‍ടിഎഫിന്റെ വാഹനത്തില്‍ ശ്രീജിത്ത് കയറിയിട്ടില്ല. ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു. പറവൂര്‍ സിഐയുടെ നിര്‍ദേശപ്രകാരമാണ് ആര്‍ടിഎഫ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും ഇവര്‍ പറഞ്ഞിരുന്നു.

തങ്ങളെ കുടുക്കാന്‍ വ്യക്തമായ ആസൂത്രണം നടക്കുന്നുണ്ടെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. കോടതിയെ മാത്രമെ വിശ്വാസമുള്ളൂവെന്നും ആര്‍ടിഎഫുകാര്‍ പ്രതികരിച്ചിരുന്നു.