പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനെന്ന് രാഹുല്‍ ഗാന്ധി

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടന്‍ ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതിയ അധ്യക്ഷന്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് വേണോയെന്ന് രാഹുല്‍ തീരുമാനമെടുക്കും. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ രാഹുല്‍ പ്രതിഷേധം അറിയിച്ചതായും ചെന്നിത്തല പറഞ്ഞു.

പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചുരുക്കപ്പട്ടിക ആവശ്യപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും പ്രതിപക്ഷ നേതാവ് ചെന്നിത്തലയോടും പട്ടിക നല്‍കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മൂന്ന് പേരുടെ പട്ടികയാണ് നല്‍കേണ്ടത്.

പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ അധ്യക്ഷപദവിയില്‍ എം.എം ഹസന്‍ തുടരട്ടെയെന്ന് രാഹുല്‍ ഗാന്ധിയെ ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു

പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് നീട്ടി കൊണ്ടു പോകേണ്ടത് ഇല്ലെന്ന് നിലപാടാണ് രാഹുലിന് ഉള്ളത്. കഴിഞ്ഞ ദിവസം എകെ ആന്റണിയും കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കും രാഹുല്‍ ഗാന്ധിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.