ഒരു കള്ളപ്പണക്കാരന്റെ കദനകഥ; നോട്ട് ക്ഷാമം മൂലം നാട്ടിന്‍പുറത്തെ ഒരു ഹോട്ടല്‍ പൂട്ടിയ കഥ വൈറലാകുന്നു

പള്ളുരുത്തി : നോട്ട് നിരോധനം കൊണ്ട് രാജ്യത്തെ സകല കള്ളപ്പണക്കാരെയും കെട്ടു കെട്ടിക്കുമെന്ന് നാഴികയ്ക്ക് നാല്പതു വട്ടം വായ്ത്താരി മുഴക്കുന്ന ആദരണീയ പ്രധാനമന്ത്രിജി എറണാകുളം ജില്ലയിലെ പള്ളുരുത്തി വാട്ടര്‍ ലാന്‍ഡ് റോഡില്‍ കൊച്ചമ്പലത്തിന് സമീപം ഒരു ഇടുങ്ങിയ വീട്ടില്‍ ഉച്ചയൂണ് തയ്യാറാക്കി വില്പന നടത്തിയിരുന്ന സി.ടി. തങ്കച്ചന്‍ എന്ന വലിയ കള്ളപ്പണക്കാരന് കച്ചവടം നിര്‍ത്തേണ്ടി വന്ന കഥ അങ്ങ് ഒന്ന് കേള്‍ക്കണം. താങ്കളുടെ സാമ്പത്തിക നയം മികച്ചതാണെന്ന് വാദിക്കുന്ന കേരളത്തിലെ ബി.ജെ.പിക്കാര്‍ ഈ അത്താഴപ്പട്ടിണിക്കാരനായ കള്ളപ്പണക്കാരന്റെ പണക്കൊഴുപ്പിനെക്കുറിച്ച് അന്വേഷിക്കണം. ഹൃദ്രോഗിയായ തങ്കച്ചനും ഭാര്യ കുഞ്ഞുമോളും മകന്‍ നോയലും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമാണ് എല്ലാ ദിവസവും ഉച്ച ഊണ് മാത്രം വില്‍ക്കുന്ന ഈ സ്ഥാപനം. വീടിനോട് ചേര്‍ന്നുള്ള ഒരു ചായ്പ്പിലാണ് വീട്ടില്‍ തയ്യാറാക്കിയ ഊണ് ആവശ്യക്കാര്‍ക്കായി കൊടുക്കുന്നത്. എല്ലാ ദിവസവും 65-70 ഊണു വരെ വിറ്റു പോയിരുന്ന കടയിലിപ്പോള്‍ 20-25 ഊണ് പോയാലായി എന്ന സ്ഥിതിയാണ്. പാവപ്പെട്ട മനുഷ്യന്റെ കയ്യില്‍ പണമില്ല. സ്വര്‍ണ്ണ വ്യാപാരികളോ, റിയല്‍ എസ്റ്റേറ്റ്‌സ് മുതലാളിമാരോ ഒന്നുമല്ല തങ്കച്ചന്റെ കസ്റ്റമേഴ്‌സ്. പള്ളുരുത്തി പോലീസ് സ്‌റ്റേഷനിലെ കുറച്ചു പോലീസുകാരും മാര്‍ക്കറ്റിലും പരിസരത്തുമൊക്കെ വന്നു പോകുന്നവരും, കുറെ പണിക്കാരുമൊക്കെയാണ് വീട്ടിലെ ഊണുകഴിക്കാന്‍ വന്നിരുന്നത്. നോട്ട് പിന്‍വലിക്കല്‍ നടപടി വന്നതോടെ ഈ സ്ഥിരം ഊണുകാര്‍ വരാതായി. അതോടെ തങ്കച്ചനെന്ന കള്ളപ്പണക്കാരന്‍ കുത്തുപാളയെടുത്ത് നില്‍ക്കയാണ്. ഹൃദ്രോഗിയായ തങ്കച്ചന് ജീവന്‍ നിലനിര്‍ത്താന്‍ ഒരാഴ്ച 600 രൂപയുടെ മരുന്ന് വേണം. എട്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍ നോയലിനും കുഞ്ഞുമോള്‍ക്കും ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത് ഈ കള്ളപ്പണ വ്യാപാരത്തിലൂടെയായിരുന്നു.

തന്റെ ദുരിതാവസ്ഥയെക്കുറിച്ച് തങ്കച്ചന്‍ എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ മൂലം സാധാരണക്കാരന്റെ ജീവിതം ശോഭനമാകുമെന്നൊക്കെ ചാനലില്‍ വന്ന് തട്ടിവിടുന്ന നേതാക്കള്‍ തങ്കച്ചനെപ്പോലെയുള്ള അത്താഴപ്പട്ടിണിക്കാരന്റെ അവസ്ഥയൊന്ന് മനസ്സിലാക്കണം. സാധാരണക്കാരന്റെ ജീവിതം നാള്‍ക്കുനാള്‍ ദുരിതപൂര്‍ണ്ണമാവുന്നതിന്റെ നേര്‍ ചിത്രമാണ് തങ്കച്ചന്‍ വരച്ചിട്ടിരിക്കുന്നത്. ഏക വരുമാന മാര്‍ഗ്ഗം പോലും ഇല്ലാതായിപ്പോയ ഒരു മനുഷ്യന്‍ നെഞ്ചു പൊട്ടി എഴുതിയിരിക്കുന്ന ഈ സത്യം നമ്മെ നൊമ്പരപ്പെടുത്തുന്നതാണ്.
കടുത്ത പ്രതിസന്ധി, ഞാന്‍ ഊട്ടുപുര അടക്കുന്നു എന്ന തങ്കച്ചന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു. 

ctpost

കടുത്ത പ്രതിസന്ധി
ഞാൻ ഊട്ടുപുര അടക്കുന്നു.

കഴിഞ്ഞ എട്ടാം തിയതി
മോദി നോട്ട് പിൻവലിച്ചതിനു ശേഷം
എന്റെ വീട്ടിലെ ഊണ് കടുത്ത പ്രതിസന്ധിയിലാണ്.
പത്താം തിയതി പതിവുപോലെ 50 ഊണ് ഉണ്ടാക്കിയെങ്കിലും അഞ്ചുപേരാണ് ഊണുകഴിക്കാൻ എത്തിയത് അടുത്ത ദിവസം 25 പേർക്ക് ഭക്ഷണം തെയ്യാറാക്കി അന്ന് ഏഴു പേരെത്തി.. അപ്പോഴാണ് എനിക്ക് നോട്ടു നിരോധനത്തിന്റെ യഥാർത്ഥ പ്രശ്നം ബോദ്ധ്യമായത്. ആരുടെയും കൈയ്യിൽ കാശില്ല അതുകൊണ്ട് നിർമ്മാണമേഖലയിൽ പണിയില്ല. തൊഴിലാളികളും പല പല കമ്പനികളുടെ റെപ്രസെന്റീ റ്റീവുകളുമാണ് ഇവിടെ എത്തി ഊണു കഴിച്ചിരുന്നത്. അവരാരും എത്തുന്നില്ല. ഞാൻ വിഷമവൃത്തത്തിലായി 15-ാം തിയതി മുതൽ ഊട്ടുപരയടച്ചു. ഒരാഴ്ച്ച കൊണ്ട് പ്രതിസന്ധി അവസാനിക്കുമെന്നു കരുതി ഇരുപതാം തിയതി വീണ്ടും തുറന്നു.12 പേർ ഊണു കഴിച്ചു. അങ്ങനെ നെരങ്ങി നീന്തി ഇതുവരെ എത്തി 800 രൂപ മുടക്കി ഊണിനുള്ള പലചരക്ക് പച്ചക്കറി മീൻ എന്നീ സാധനങ്ങൾ വാങ്ങി അഞ്ചു മണിക്കുർ പണിയെടുത്ത് മീൻ കറിയടക്കമുള്ള വിഭവങ്ങൾ തെയ്യാറാക്കി ഞാൻ എന്റെ ഊട്ടുപുരയിൽ കാത്തിരുന്നു പല ദിവസങ്ങളിലും 500 രൂപ മുതൽ 800 രൂപ വരെയായിരുന്ന ദിവസവും ലഭിച്ചത്. ഇങ്ങനെ എനിക്ക് മുന്നോട്ടു പോകാനാവില്ല. അതു കൊണ്ട് ജനഗണമന പാടി മോഡിക്കു നല്ല നമസ്കാരം പറഞ്ഞു കൊണ്ട് എന്റെ ഉപജീവന മാർഗ്ഗമായിരുന്ന ” വീട്ടിലെ ഊണ് ” എന്ന സംരംഭം അനിശ്ചിതകാലത്തേക്ക് അടക്കുന്നു. ജയ് ഭാരത ഗോമാത
ഓ0 ക്രീം ലാ ഇല്ലാഹ അവേ മരിയ സിന്താബാദ സ്വാഹ