എന്‍.ജി.ഒയുടെ ധനസഹായം നിഷേധിക്കല്‍; യു.എസ് കോണ്‍ഗ്രസ് സമിതി ചര്‍ച്ച ചെയ്യും

ന്യൂയോര്‍ക്ക് : കേന്ദ്രസര്‍ക്കാര്‍ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനം മൂലം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന ഇന്ത്യയിലെ കുട്ടികള്‍ക്ക് നല്‍കി വന്ന ധനസഹായം നിര്‍ത്തേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് യു.എസ്. കോണ്‍ഗ്രസിന്റെ പ്രത്യേക സമിതി അടുത്തയാഴ്ച യോഗം ചേര്‍ന്ന് വിലയിരുത്തും.
ഇന്ത്യയിലെ കുട്ടികളുടെ  ഉന്നമനത്തിനായി കോളറാഡോ ആസ്ഥാനമായ കംപാഷന്‍ ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടന നല്‍കി വന്ന സാമ്പത്തിക സഹായം വിലക്കിയ സാഹചര്യത്തിലാണ് യു.എസ് കോണ്‍ഗ്രസിന്റെ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ പ്രത്യേക യോഗം ചേര്‍ന്ന് ഇന്ത്യന്‍ ഗവണ്‍മെന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യം ആലോചിക്കും.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിദേശസഹായം സ്വീകരിക്കുന്ന ഒട്ടേറെ സന്നദ്ധ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. കംപാഷന്‍ ഇന്റര്‍നാഷണല്‍ എന്ന എന്‍.ജി.ഒ ഇന്ത്യയിലെ ഒന്നര ലക്ഷം പാവപ്പെട്ട കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം മൂലം ഈ കുട്ടികള്‍ വലിയ പ്രതിസന്ധിയിലാണ്. 1968-ല്‍ മുതല്‍ ഇന്ത്യയിലെ കുട്ടികളെ സഹായിക്കുന്ന സംഘടനയാണ് കംപാഷന്‍ ഇന്റര്‍നാഷണല്‍. ധനസഹായം നഷ്ടപ്പെട്ടതോടെ കുട്ടികള്‍ അതീവ ദുരിതത്തിലും പട്ടിണിയിലാണെന്ന് കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാണ് യു.എസ് കോണ്‍ഗ്രസിന്റെ പ്രത്യേക സമിതിയുടെ ആവശ്യം.