ശ്രീജിത്തിന്റെ അടിവയറ്റില്‍ തൊഴിക്കുന്നത് കണ്ടു; ആശുപത്രിയിലെത്തിക്കാന്‍ ശ്രീജിത്ത് കരഞ്ഞ് പറഞ്ഞിട്ടും എസ്‌ഐ വഴങ്ങിയില്ല

വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജാമ്യത്തിലിറങ്ങിയ കൂട്ടുപ്രതികള്‍. കസ്റ്റഡി മരണത്തിന് തലേന്ന് വരാപ്പുഴ സ്‌റ്റേഷന്‍ ലോക്കപ്പ് പൊലീസ് ഇടിമുറിയാക്കിയെന്നും എസ്‌ഐ. ദീപക് നടത്തിയത് നരയാട്ടാണെന്നും പ്രതികള്‍ പറഞ്ഞു.

തലപിടിച്ച് സെല്ലിന്റെ അഴികളില്‍ ഇടിച്ചു. ഉരുചെവികളും കൂട്ടിയിടിച്ചു. ശ്രീജിത്തിന്റെ അടിവയറ്റില്‍ തൊഴിച്ചു. വയറുവേദനയായി കിടന്ന ശ്രീജിത്തിനെ അസഭ്യം പറഞ്ഞുകൊണ്ടാണ് എസ്ഐ ചവിട്ടിയത്. ആശുപത്രിയിലെത്തിക്കാന്‍ ശ്രീജിത്ത് കരഞ്ഞ് പറഞ്ഞിട്ടും എസ്‌ഐ വഴങ്ങിയില്ലെന്നും കൂട്ടുപ്രതികള്‍ പറഞ്ഞു. ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോയ പൊലീസുകാരും മര്‍ദിച്ചിരുന്നു. അതിന് ശേഷമാണ് ശ്രീജിത്തിന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതെന്നും അവര്‍ പറഞ്ഞു.

അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞു. ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കസ്റ്റഡിയിലെടുത്തപ്പോള്‍ മര്‍ദ്ദിച്ച മൂന്ന് ആര്‍ടിഎഫുകാരെയും ശ്രീജിത്തിന്റെ ഭാര്യ അഖില തിരിച്ചറിഞ്ഞിട്ടുണ്ട്. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. ശ്രീജിത്തിന്റെ ഭാര്യ അഖില, അമ്മ ശ്യാമള, സഹോദരന്‍ സജിത്, അയല്‍വാസി എന്നിവരാണ് തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തത്. ആലുവ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.

മൂന്നു പേര്‍ക്കും ചില മാറ്റങ്ങള്‍ വന്നിരുന്നു. താടിയുണ്ടായിരുന്നവര്‍ അതൊഴിവാക്കിയിട്ടുണ്ട്. എന്നാലും എല്ലാവരെയും തിരിച്ചറിയാന്‍ സാധിച്ചുവെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ