പിണറായിലെ കൂട്ടമരണം കൊലപാതമെന്ന് കുറ്റസമ്മതം: വീട്ടമ്മ അറസ്റ്റില്‍

കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ നടന്ന കൂട്ടമരണം ആസൂത്രിത കൊലപാതമെന്ന് തെളിഞ്ഞു. കുട്ടികളുടെ മാതാവായ സൗമ്യയാണ് കുറ്റം സമ്മതിച്ചത്. നാലുപേരെയും വിഷം കൊടുത്തുകൊന്നതാണെന്ന് സൗമ്യ സമ്മതിച്ചു. തുടര്‍ന്ന് പൊലിസ് സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. അവിഹിതബന്ധത്തിന് മക്കളും മാതാപിതാക്കളും തടസമാകുമെന്നതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പൊലിസിനോട് പറഞ്ഞത്.

പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ നാലുപേരുടെ ദുരൂഹമരണത്തിനിടയായ സംഭവത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് തലശ്ശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ആദ്യം ചോദ്യം ചെയ്യലിനോട് സൗമ്യ സഹകരിച്ചിരുന്നില്ല. പത്ത് മണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് നാലുപേരെയും വിഷം കൊടുത്തുകൊന്നതാണെന്ന് സൗമ്യ സമ്മതിച്ചത്. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ പൊലിസ് സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൗമ്യയ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി രഘുരാമന്റെ നേതൃത്വത്തിലുള്ള സംഘം തലശ്ശേരി റസ്റ്റ് ഹൗസില്‍ വെച്ചാണ് സൗമ്യയെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്.

പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍കണ്ടി വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(78), ഭാര്യ കമല(65), പേരക്കുട്ടികളായ ഐശ്വര്യ കിഷോര്‍,(8) കീര്‍ത്തന കിഷോര്‍ (ഒന്നര) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. കമലയും കുഞ്ഞിക്കണ്ണനും സൗമ്യയുടെ മാതാപിതാക്കളാണ്. 2012 സെപ്റ്റംബര്‍ ഒന്‍പതിനാണ് കീര്‍ത്തന മരിച്ചത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും മരിച്ചു.

കീര്‍ത്തനയുടേത് സ്വാഭവിക മരണത്തില്ർ അസ്വാഭാവികത തോന്നാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. എന്നാല്‍ സമാനരീതിയല്‍ മറ്റു മൂന്നു പേരും മരിച്ചതിനെത്തുടന്നാണ് സൗമ്യയെ ചോദ്യം ചെയ്തത്. എട്ടുവയസുകാരിയായ ഐശ്വര്യയുടെ മൃതദേഹം പൊലിസ് തിങ്കളാഴച പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. വിഷം ഉള്ളില്‍ ചെന്നാതാണ് ഐശ്വര്യയുടെ മരണകാരണം എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കമലയുടേയും, കുഞ്ഞിക്കണ്ണന്റേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ആന്തരികാവയവ പരിശോധനയില്‍, അലൂമിനിയം ഫോസ്‌ഫേറ്റ് അകത്ത് ചെന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.