ഗൊരഖ്പൂര്‍ ശിശുമരണക്കേസ്: ഡോ. കഫീല്‍ഖാന് ജാമ്യം

ഗൊരഖ്പൂര്‍: യു.പിയിലെ ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ 60ലധികം കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ എട്ട് മാസമായി ജയിലിലായിരുന്ന ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

വാര്‍ഡില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത മനസിലാക്കിയ ഡോ.ഖാന്‍ സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഡോക്ടറുടെ സമയോചിത ഇടപെടല്‍ കുറച്ചു കുട്ടികളുടെ ജീവന്‍ രക്ഷിച്ചിരുന്നു. കഫീല്‍ ഖാന്റെ പ്രവൃത്തി ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായതിനു പിറകെ അദ്ദേഹത്തെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മസ്തിഷ്‌ക വീക്കം കാരണം ഗുരുതരാവസ്ഥയിലായ കുട്ടികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുകയായിരുന്നു. ഒരാഴ്ചക്കിടെ 71 കുട്ടികളാണ് മരിച്ചത്. ഓക്‌സിജന്‍ വിതരണ കമ്പനിക്ക് ആശുപത്രി അധികൃതര്‍ വന്‍ തുക കുടിശ്ശിക നല്‍കാനുള്ളതിനെ തുടര്‍ന്ന് കമ്പനി ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നത് നിര്‍ത്തലാക്കുകയായിരുന്നു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണകമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.