റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ വിജയം നേടിയ ചെന്നൈയുടെ നായകന്‍ ആരാധകരെ ആവേശത്തിലാക്കി

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ വിജയം നേടിയ ചെന്നൈയുടെ നായകന്‍ ഇന്നലയെും ആരാധകരെ ആവേശത്തിലാക്കിയ പ്രകടനമാണ് നടത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കൂറ്റന്‍ അടികളിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരമായി മാറിയ ആ പഴയ ധോണിയെ തിരിച്ചുകിട്ടിയപോലെയുള്ള പ്രകടനത്തിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളിയുടെ അവസാന നിമിഷം വരെ പ്രതീക്ഷ കൈവിടാതെ പൊരുതുന്ന ധോണിയുടെ ആത്മാര്‍ത്ഥത ക്രിക്കറ്റ് ലോകത്തിന് പുതിയ കാര്യമല്ല. അതേ ആത്മാര്‍ത്ഥ ഓരോ മത്സരത്തിലും കാണാനാകും. മികച്ച ബാറ്റിംഗിലൂടെ ടീമിനെ വിജയത്തിലേക്ക് എത്തിച്ച ധോണി വിക്കറ്റിന് പിന്നിലും തിളങ്ങി.

ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഗോളി മുന്നോട്ട് കയറി ചെന്ന് സേവിങ് നടത്തുന്നത് നാം കണ്ടിട്ടുണ്ടാകും. അത് തന്നെ അത്ഭുതവും കാഴ്ചക്കാരെ ഒരു നിമിഷത്തേക്ക് ടെന്‍ഷനിലാക്കുന്നതുമാണ്. അത്തരമൊരു സേവിങ് ഇന്നലെ പോരാട്ടത്തിലും കാണാനായി. കീപ്പിംഗ് പൊസിഷനില്‍ നിന്നും ബൗണ്ടറി ലൈന്‍ വരെ ഓടിയെത്തി ബോള്‍ ബൗണ്ടറി കടക്കാതെ തടഞ്ഞാണ് ചെന്നൈ നായകന്‍ മഹേന്ദ്രസിംഗ് ധോണി ആരാധകരുടെ കയ്യടി നേടിയത്. ബെംഗളൂരുവിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ക്വിന്‍ണ്‍ ഡികോക്ക് ഉയര്‍ത്തി അടിച്ച പന്ത് ബൗണ്ടറി ലൈനിലിനരികിലായിരുന്നു വീണത്. ക്യാച്ചിനായ വിക്കറ്റിന് പിന്നില്‍ നിന്നും ഓടിയെത്തിയെങ്കിലും ധോണി വൈകി പോയിരുന്നു. പക്ഷെ പന്ത് ബൗണ്ടറി കടക്കുന്നത് തടഞ്ഞു കൊണ്ട് ധോണി നിര്‍ണ്ണായകമായ റണ്‍സുകള്‍ സേവ് ചെയ്യുകയായിരുന്നു.

മത്സരത്തില്‍ ചെന്നെ അഞ്ച് വിക്കറ്റിന് ബെംഗുളൂരുവിനെ പരാജയപ്പെടുത്തി. റോയല്‍ ചലഞ്ചേഴ്‌സ് മുന്നോട്ടു വെച്ച 205 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം നായകന്‍ ധോണിയുടെയും അമ്പാട്ടി റായിഡുവിന്റെയും മികച്ച ഇന്നിംഗ്‌സിലൂടെ ചെന്നൈ താണ്ടുകയായിരുന്നു. അമ്പാട്ടി റായിഡു 53 ബോളല്‍ നിന്നും 83 റണ്‍സും ധോണി 34 ബോളില്‍ നിന്ന് 70 റണ്‍സും നേടി. ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ ഒന്നാം സ്ഥാനത്ത് എത്തി. അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ